Mohammed Shami
Mohammed Shami

ഷമിക്കെതിരായ മതവിദ്വേഷം: പഴി ഇപ്പോൾ പാക്കിസ്ഥാന്!

ഷമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ പുതിയ ട്രെൻഡ്

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരേ പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ ഉയർന്ന മത വിദ്വേഷ പ്രചരണത്തിനു പിന്നിൽ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ നിയന്ത്രിക്കുന്ന സംഘങ്ങളെന്ന് പുതിയ പ്രചരണം.

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരേ ഏഴു വിക്കറ്റെടുത്ത ഷമിയുടെ അവിശ്വസനീയ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു. ഇതെത്തുടർന്ന് സംഘപരിവാർ ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും പൊതുവേ ഷമിയെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും സജീവമായി. ഇതിനു പിന്നാലെയാണ് ട്രോളുകൾക്കു പിന്നിൽ പാക്കിസ്ഥാനും ഇന്ത്യയിൽ തന്നെയുള്ള ചില മുസ്‌ലിം ഗ്രൂപ്പുകളുമാണെന്ന പ്രചാരണം ശക്തമായിരിക്കുന്നത്.

സെമി ഫൈനലിൽ കെയിൻ വില്യംസണിന്‍റെ ക്യാച്ച് ഷമി നഷ്ടപ്പെടുത്തി നിമിഷങ്ങൾക്കുള്ളിൽ നിരവധി വിദ്വേഷ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷമായിരുന്നു. ഷമിയുടെ മതത്തെ തന്നെയാണ് ഇവയിലെല്ലാം ആക്രമിക്കാൻ ശ്രമിച്ചിരുന്നത്. ആ സമയം ഇന്ത്യക്കു കിട്ടിയ രണ്ടു വിക്കറ്റും സ്വന്തമാക്കിയത് ഷമിയായിരുന്നു എന്നതു പോലും കണക്കിലെടുക്കാതെയുള്ള രൂക്ഷമായ വിദ്വേഷ പ്രചരണമാണ് മിനിറ്റുകളോളം തുടർന്നത്.

എന്നാൽ, ഷമി ഒറ്റ ഓവറിൽ രണ്ടു വിക്കറ്റുമായി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. പിന്നാലെ മൂന്നു വിക്കറ്റ് കൂടി നേടി മത്സരത്തിൽ ഏഴ് വിക്കറ്റും പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

ഇതോടെയാണ് പലരും മത വിദ്വേഷത്തിനു തത്കാലത്തേക്ക് മുഖംമൂടിയിട്ട്, പകരം പാക്കിസ്ഥാനെതിരേ തിരിഞ്ഞിരിക്കുന്നത്. ഇന്ത്യൻ കായികരംഗത്ത് അനൈക്യമുണ്ടാക്കാനുള്ള പാക്കിസ്ഥാന്‍റെ പദ്ധതിയുടെ ഭാഗമാണിതെന്നാണ് ഇവരുടെ വാദം. ഇതു സംബന്ധിച്ച് ഇന്‍റലിജൻസ് ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു വരെ ചിലർ അവകാശപ്പെടുന്നു.

2021ലെ ട്വന്‍റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഷമിക്കെതിരായ സൈബർ ആക്രമണം ഏറ്റവും രൂക്ഷമായത്. രാജ്യദ്രോഹിയെന്നും പാക്കിസ്ഥാൻ അനുകൂലിയെന്നുമെല്ലാം അന്ന് ആരോപണമുണ്ടായി. മതത്തിന്‍റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് ശരിയല്ലെന്ന് അന്നു വിരാട് കോലി പരസ്യമായി പ്രഖ്യാപിക്കുക പോലും ചെയ്തിരുന്നു.

മുഹമ്മദ് ഷമിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.
മുഹമ്മദ് ഷമിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

പിന്നീട്, ഒരു മത്സരത്തിൽ ക്യാച്ച് നഷ്ടപ്പെടുത്തിയ അർഷ്‌ദീപ് സിങ് ഖാലിസ്ഥാൻവാദിയാണെന്നും ആരോപണമുയർന്നു. ഇന്ത്യ തോൽക്കുന്ന മത്സരങ്ങളിൽ മുഹമ്മദ് സിറാജും മതപരമായ അധിക്ഷേപങ്ങൾക്കു പ്രാപ്തമായിട്ടുണ്ട്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ സിറാജിനു നേരേ ഒരു വിഭാഗം കാണികൾ ഭീഷണിയുടെ സ്വരത്തിൽ ജയ് ശ്രീറാം വിളികൾ ഉയർത്തിയതും വാർത്തയായിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com