

പ്രേമദാസ സ്റ്റേഡിയത്തിൽ ആർക്കാണ് ആധിപത‍്യം; ഇന്ത‍്യയോ- പാക്കിസ്ഥാനോ?
കൊളംബോ: അങ്ങനെ മറ്റൊരു ഇന്ത‍്യ പാക് മത്സരത്തിന് ഫെബ്രുവരി 15 ഞായറാഴ്ച ശ്രീലങ്കയിലെ ആർ. പ്രേമദാസ സ്റ്റേഡിയം വേദിയാകുകയാണ്. ആദ‍്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇരു ടീമുകളും സൂപ്പർ 8 ലേക്കുള്ള പ്രവേശനം ലക്ഷ‍്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ഐസിസി ടൂർണമെന്‍റുകളിൽ പാക്കിസ്ഥാനെതിരേയുള്ള ഇന്ത‍്യയുടെ ആധിപത‍്യം ഇത്തവണയും ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ആകെ 2021 ലോകകപ്പിൽ മാത്രമാണ് പാക്കിസ്ഥാനെതിരേ ലോകകപ്പിൽ ഇന്ത‍്യ തോൽവി അറിഞ്ഞിട്ടുള്ളത്. നിലവിൽ 8-1 എന്ന നിലയിൽ ഇന്ത‍്യയാണ് മുന്നിൽ. കൊളംബോയിൽ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് 2012ൽ ഒരു തവണ മാത്രമാണ് ഇന്ത‍്യയും പാക്കിസ്ഥാനും ഇതേ വേദിയിൽ ഏറ്റുമുട്ടിയിട്ടുള്ളത്.
അന്ന് വിരാട് കോലി പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിൽ ഇന്ത‍്യ വിജയിച്ചു. 15 ടി20 മത്സരങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത‍്യ കളിച്ചിട്ടുള്ളത്. അതിൽ തന്നെ 11 മത്സരങ്ങളും ഇന്ത‍്യക്ക് വിജയിക്കാനായിട്ടുണ്ട്. എന്നാൽ അവസാനമായി ഇതേ വേദിയിൽ കളിച്ച രണ്ടു മത്സരങ്ങളിലും ഇന്ത‍്യ തോൽവി അറിഞ്ഞിരുന്നു.