
ക്വലാലംപുർ: ഇന്ത്യൻ താരം എച്ച്.എസ്. പ്രണോയ് മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ സ്വർണം നേടി. ക്വലാലംപുരിൽ നടന്ന ഫൈനലിൽ പരാജയപ്പെടുത്തിയത് ചൈനയുടെ ഹോങ് യാങ് വെങ്ങിനെ, സ്കോർ: 21-19, 13-21, 21-18.
ആദ്യമായാണ് പ്രണോയ് മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിനു യോഗ്യത നേടുന്നത്. 2022ലെ സ്വിസ് ഓപ്പൺ ഫൈനൽ കളിച്ച ശേഷം ആദ്യ സിംഗിൾസ് ഫൈനലുമാണിത്.
ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള പ്രണോയ് ടൂർണമെന്‍റിൽ ആറാം നമ്പർ താരം ചൗ ടിയെൻ ചെൻ, നിലവിലുള്ള ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്സ് ജേതാവ് കെന്‍റ നിഷിമോട്ടോ എന്നിവരെ പരാജയപ്പെടുത്തിയാണ് മലേഷ്യയിൽ ഉജ്വല മുന്നേറ്റം നടത്തിയത്.