വൈകാരികം, ഇബ്രയുടെ വിടവാങ്ങൽ

''എന്നെയൊന്ന് ആശ്വസിപ്പിക്കാൻ, കരയാത്ത ആരെയെങ്കിലും നോക്കിയിട്ട് കാണുന്നേയില്ല'', ഇബ്ര പറഞ്ഞു. ''രാവിലെ ഉണരുമ്പോൾ മഴയായിരുന്നു, ദൈവവും കരയുകയാണെന്ന് എനിക്കു തോന്നി''
വൈകാരികം, ഇബ്രയുടെ വിടവാങ്ങൽ
AC MILAN
Updated on

# സ്പോർട്സ് ലേഖകൻ

സാൻ സിറോയിൽ വൈകാരികമായൊരു നിമിഷാർധം മതിയായിരുന്നു ഇബ്രയ്ക്ക് ആ വാക്കുൾ പറഞ്ഞുതീർക്കാൻ, ''പന്തുകളിയോട് യാത്ര പറയാൻ സമയമായി, പക്ഷേ, നിങ്ങളോടല്ല''.

അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം. സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് 41 വയസായി, പക്ഷേ, സ്വീഡന്‍റെ ദേശീയ ടീമിൽ പോലും ഇബ്രയ്ക്ക് വേണ്ടപ്പോൾ ഇടമുണ്ടായിരുന്നു. ''എന്‍റെ കുടുംബത്തിനു പോലും അറിയില്ലായിരുന്നു. കാരണം, ഞാൻ വിടവാങ്ങൽ പ്രഖ്യാപിക്കുമ്പോൾ എല്ലാവരും അത് ഒരേ സമയം കേൾക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം'', പെട്ടെന്നുണ്ടായ പ്രഖ്യാപനത്തെക്കുറിച്ച് ഇബ്ര വിശദീകരിച്ചു.

ഇറ്റാലിയൻ ലീഗിൽ സീസൺ അവസാനിക്കുമ്പോൾ എസി മിലനുമായുള്ള കരാർ കാലാവധി പൂർത്തിയായിരുന്നു. ഹെല്ലാസ് വെറോണയുമായുള്ള മത്സരശേഷം ക്ലബ്ബിൽ നിന്ന് ഇബ്രയെ യാത്രയാക്കാൻ പ്രത്യേക ചടങ്ങുണ്ടാകുമെന്ന എസി മിലന്‍റെ പ്രഖ്യാപനം കൂടി വന്നതോടെ ആ കരാർ ഇനി പുതുക്കില്ലെന്ന് ഉറപ്പായിരുന്നു. മൈതാനത്തേക്കു വരുമ്പോൾ ആരാധകർ അദ്ദേഹത്തിന്‍റെ പേര് ആർത്തുവിളിച്ചിരുന്നു. ഗുഡ് ബൈ എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിരുന്നു. അതെല്ലാം പക്ഷേ, ക്ലബ്ബിൽ നിന്നുള്ള യാത്രയയപ്പായിരുന്നു, ഫുട്ബോൾ കരിയറിൽനിന്നായിരുന്നില്ല.

AC MILAN

സാൻ സിറോയിൽ മത്സരം കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ സഹതാരങ്ങൾ അദ്ദേഹത്തിനു ഗാർഡ് ഒഫ് ഓണർ നൽകി. മൈക്ക് കൈയിലെടുക്കുമ്പോൾ അയാൾ കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

മിലാനിൽ രണ്ടു ഘട്ടങ്ങളിലായി 163 മത്സരങ്ങൾ, 93 ഗോൾ. സ്വീഡിഷ് കുപ്പായത്തിൽ 122 മത്സരങ്ങളാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് കളിച്ചിട്ടുള്ളത്. 62 അന്താരാഷ്‌ട്ര ഗോളും നേടി.

2020 ജനുവരിയിൽ തുടങ്ങിയ മിലാനിലെ രണ്ടാം ഘട്ടത്തിൽ, കഴിഞ്ഞ വർഷം ക്ലബ്ബിനെ സീരി എ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ, ഈ സീസണിൽ പരുക്കുകൾ കൊണ്ടു വലഞ്ഞു. മുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആകെ കളിക്കനായത് നാലു മത്സരങ്ങളിൽ മാത്രം.

''ആദ്യം വന്നപ്പോൾ നിങ്ങളെനിക്കു സന്തോഷം തന്നു, രണ്ടാമതും വന്നപ്പോൾ സ്നേഹം തന്നു'', മിലാനിലെ കാണികളോടുള്ള ഇഷ്ടം ഇബ്ര വിടവാങ്ങൽ പ്രസംഗത്തിൽ മറച്ചുവച്ചില്ല. പാരിസ് സെന്‍റ് ജർമനിലും ഇന്‍റർ മിലാനിലും ബാഴ്സലോണയിലും യുവന്‍റസിലും അയാക്സിലുമെല്ലാം കളിച്ച് ട്രോഫികൾ വാങ്ങിയ സുദീർഘമായ കരിയറിൽ എസി മിലാനോടുള്ള ഇഷ്ടം വേറിട്ടു തന്നെ നിൽക്കുന്നു. അതു തിരിച്ചറിഞ്ഞ ആരാധകരും കണ്ണീരണിഞ്ഞു.

''എന്നെയൊന്ന് ആശ്വസിപ്പിക്കാൻ, കരയാത്ത ആരെയെങ്കിലും നോക്കിയിട്ട് കാണുന്നേയില്ല'', ഇബ്ര പറഞ്ഞു. ''രാവിലെ ഉണരുമ്പോൾ മഴയായിരുന്നു, ദൈവവും കരയുകയാണെന്ന് എനിക്കു തോന്നി'', കണ്ണീരിനിടയിലും തമാശ പൊട്ടിക്കാൻ ഒരു ശ്രമം. ഒടുവിലൊരു ചിരിയോടെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു, ''നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഞാൻ ഇവിടെയൊക്കെത്തന്നെ കാണും, നിങ്ങൾക്ക് എന്നെ ഇനിയും കാണാം''.

''സിംപ്ളി ദ ബെസ്റ്റ്'' എന്ന പാട്ട് സ്റ്റേഡിയത്തിലെ ഉച്ചഭാഷിണിയിൽ മുഴങ്ങുമ്പോൾ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മൈതാനം വലം വച്ചു, പിന്നെ മൈതാനത്തിനു പുറത്തേക്ക്, ഗ്യാലറികളുടെ ഹൃദയങ്ങളിലേക്ക്....

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com