
വരുൺ ചക്രവർത്തിയുമായി ആഹ്ളാദം പങ്കുവയ്ക്കുന്ന വിരാട് കോലി
ദുബായ്: രണ്ട് ബൗളർമാരുടെ അഞ്ച് വിക്കറ്റ് പ്രകടനങ്ങൾ കണ്ട മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 44 റൺസിനു കീഴടക്കി. ഐസിസി ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ, ന്യൂസിലൻഡിനെതിരേ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണെടുത്തത്. ന്യൂസിലൻഡിന്‍റെ മറുപടി 45.3 ഓവറിൽ 205 റൺസിൽ ഒതുങ്ങി.
എട്ടോവറിൽ 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ പേസ് ബൗളർ മാറ്റ് ഹെൻറിയാണ് വലിയ സ്കോറിലെത്തുന്നതിൽനിന്ന് ഇന്ത്യയെ തടഞ്ഞത്. എന്നാൽ, വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനം ഇന്ത്യയെ അസാധ്യമെന്നു തോന്നിച്ച ജയത്തിലേക്കു നയിക്കുകയായിരുന്നു. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് വരുൺ തന്‍റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.
ഇതോടെ, ഗ്രൂപ്പ് എ ചാംപ്യൻമാരായ ഇന്ത്യ സെമി ഫൈനലിൽ നേരിടുന്നത് ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ ആയിരിക്കുമെന്നും ഉറപ്പായി.
നേരത്തെ, ടോപ് ഓർഡർ തകർച്ചയെ അതിജീവിച്ച് ഭേദപ്പെട്ട സ്കോറിലെത്താൻ ഇന്ത്യയെ സഹായിച്ചത് ശ്രേയസ് അയ്യരുടെയും അക്ഷർ പട്ടേലിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും ബാറ്റിങ് പ്രകടനങ്ങളാണ്.
സ്കോർ ബോർഡിൽ മുപ്പത് റൺസ് എത്തുമ്പോഴേക്കും ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റർമാരും കൂടാരം കയറി. ശുഭ്മൻ ഗിൽ (2), രോഹിത് ശർമ (15), വിരാട് കോലി (11) എന്നിവർ പുറത്തായ ശേഷം ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നാണ് ടീമിനെ കരകയറ്റിയത്. 98 റൺസാണ് ഇവർ കൂട്ടിച്ചേർത്തു.
ന്യൂസിലൻഡിനെതിരേ ശ്രേയസ് അയ്യരുടെ സ്വീപ്പ് ഷോട്ട്
അക്ഷർ 42 റൺസെടുത്ത് പുറത്തായി. 61 പന്ത് നേരിട്ട അക്ഷർ മൂന്ന് ഫോറും ഒരു സിക്സും നേടി. തുടർന്ന് ശ്രേയസ് - കെ.എൽ. രാഹുൽ കൂട്ടുകെട്ട് 42 റൺസ് ചേർത്തു. ശ്രേയസ് 98 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 79 റൺസെടുത്ത് പുറത്തായി. രാഹുൽ 29 പന്തിൽ 23 റൺസും നേടി.
ഹാർദിക് പാണ്ഡ്യക്കൊപ്പം 41 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച രവീന്ദ്ര ജഡേജയാണ് (20 പന്തിൽ 16) അടുത്തതായി പുറത്തായത്. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തിയ പാണ്ഡ്യ, 45 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് മുറയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നെങ്കിലും, കെയ്ൻ വില്യംസൺ ഒരറ്റത്ത് ഉറച്ചു നിന്നത് അവർക്ക് പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ, ഓപ്പണർ വിൽ യങ് (22), ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (28) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ മികവ് പുറത്തെടുക്കാനായില്ല.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ വില്യംസൺ ഏഴാമനായാണ് പുറത്താകുന്നത്. അക്ഷർ പട്ടേലിന്‍റെ പന്തിൽ കെ.എൽ. രാഹുൽ സ്റ്റമ്പ് ചെയ്യുകയായിരുന്നു. 120 പന്തിൽ 81 റൺസെടുത്ത വില്യംസൺ മടങ്ങിയതോടെ കിവികളുടെ പ്രതീക്ഷ മങ്ങി.
എന്നാൽ, തുടർന്ന് ആഞ്ഞടിക്കാൻ ശ്രമിച്ച സാന്‍റ്നർ അൽപ്പനേരത്തേക്ക് ഇന്ത്യക്ക് ആശങ്ക നൽകി. 31 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 28 റൺസെടുത്ത സാന്‍റ്നറെ വരുൺ ക്ലീൻ ബൗൾ ചെയ്തതോടെ ആ പോരാട്ടവും അവസാനിച്ചു.
വരുണിനെ കൂടാതെ ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ്. ഹർഷിത് റാണയ്ക്കു പകരം വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തി, നാല് സ്പിന്നർമാരെ കളിപ്പിക്കാനുള്ള ഇന്ത്യൻ ടീം മാനെജ്മെന്‍റിന്‍റെ തീരുമാനം നിർണായകമായി.
ഇന്ത‍്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വരുൺ ചക്രവർത്തി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, വിരാട് കോലി, കുൽദീപ് യാദവ്, ഹർദിക്ക് പാണ്ഡ‍്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്
ന‍്യൂസിലൻഡ് പ്ലേയിങ് ഇലവൻ: മിച്ചൽ സാന്‍റ്നർ, മൈക്കൽ ബ്രസ്‌വെൽ, കൈൽ ജാമീസൺ, ടോം ലാഥം, ഡാറിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പസ്, രച്ചിൻ രവീന്ദ്ര, മാറ്റ് ഹെൻറി, കെയിൻ വില്ല‍്യംസൺ, വിൽ ഒ റൂർക്ക്