ഇന്ത്യ..., ചാംപ്യൻമാരുടെ ചാംപ്യൻ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
Indian captain Rohit Sharma plays a shot against New Zealand in ICC Champions Trophy final, 2025

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ്.

Updated on

ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫിയിൽ പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യക്കു കിരീടം. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു.

ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം നിസാരമാണെന്ന പ്രവണത ഉണർത്തുന്നതായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിന്‍റെ തുടക്കം. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് പത്തൊമ്പതാം ഓവറിൽ സ്കോർ 105 വരെയെത്തിച്ചു. എന്നാൽ, ഗില്ലും (50 പന്തിൽ 31) പിന്നാലെ വിരാട് കോലിയും (1) വീണതോടെ കളി മാറി. അതുവരെ ആക്രമണോത്സുകമായി കളിച്ചിരുന്ന രോഹിത് ശർമ പ്രതിരോധത്തിലേക്കു വലിയാൻ നിർബന്ധിതനായത് സ്കോറിങ് നിരക്കിനെ കാര്യമായി ബാധിച്ചു.

KL Rahul

കെ.എൽ. രാഹുൽ

41 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, 76 റൺസെടുത്ത് പുറത്താകുമ്പോൾ 83 പന്ത് നേരിട്ടിരുന്നു. ഏഴ് ഫോറും മൂന്നു സിക്സും ഉൾപ്പെട്ട ഇന്നിങ്സിലെ മുഴുവൻ സിക്സറും നാല് ഫോറും അർധ സെഞ്ചുറി തികയ്ക്കും മുൻപേ നേടിയതാണ്. ക്യാപ്റ്റന് സ്ട്രൈക്ക് നൽകുക എന്ന കർത്തവ്യം നിർവഹിച്ച ഗിൽ, നേരിട്ട മുപ്പത്തിമൂന്നാം പന്തിലാണ് ആദ്യമായി പന്ത് അതിർത്തി കടത്തുന്നത്. ഈയൊരു സിക്സർ മാത്രമാണ് ഗില്ലിന്‍റെ ഇന്നിങ്സിലുള്ളത്, ഫോറുകൾ ഇല്ല.

ഇന്ത്യ പ്രയോഗിച്ച അതേ സ്പിൻ കെണിയാണ് ന്യൂസിലൻഡും ഉപയോഗിച്ചത്. മിച്ചൽ സാന്‍റ്നറും രചിൻ രവീന്ദ്രയും മൈക്കൽ ബ്രേസ്‌വെല്ലും ഗ്ലെൻ ഫിലിപ്സും മാത്രം മധ്യ ഓവറുകൾ കൈകാര്യം ചെയ്തപ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽ നിന്നു വഴുതുന്ന തോന്നൽ. ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 61 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ശ്രേയസും (62 പന്തിൽ 48) അക്ഷറും (40 പന്തിൽ 29) ചെറിയ ഇടവേളയിൽ പുറത്തായതോടെ വീണ്ടും പ്രതിസന്ധി.

Kuldeep Yadav's double strike gave India early advantage.

കുൽദീപ് യാദവിന്‍റെ ഇരട്ട പ്രഹരം തുടക്കത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകി

എന്നാൽ, കെ.എൽ. രാഹുലും ഹാർദിക് പാണ്ഡ്യയും സമ്മർദമില്ലാതെ സ്വാഭാവിക ശൈലിയിൽ കളിച്ചതോടെ കാര്യങ്ങൾ വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക്. ഇതിനിടെ മൂന്ന് സ്പിന്നർമാരുടെ ഓവർ ക്വോട്ട പൂർത്തിയാകുകയും ചെയ്തു. 18 പന്തിൽ 18 റൺസെടുത്ത പാണ്ഡ്യ പുറത്താകുമ്പോൾ ഇന്ത്യക്ക് വിജയം 11 രൺസ് മാത്രം അകലെയായിരുന്നു. തുടർന്നെത്തിയ രവീന്ദ്ര ജഡേജ, രാഹുലിനൊപ്പം ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു. രാഹുൽ 33 പന്തിൽ 34 റൺസും ജഡേജ 6 പന്തിൽ 9 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

Varun Chakravarthy and KL Rahul celebrates New Zealand opener Will Young's wicket

വിൽ യങ്ങിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന വരുൺ ചക്രവർത്തിയും കെ.എൽ. രാഹുലും.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്ത തകർച്ച നേരിട്ട ന്യൂസിലൻഡ് ഇന്നിങ്സിനെ നേരെ നിർത്തിയത് 101 പന്തിൽ 63 റൺസെടുത്ത ഡാരിൽ മിച്ചലാണ്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മിച്ചൽ ബ്രേസ്‌വെൽ 40 പന്തിൽ 53 റൺസുമായി അവർക്ക് പൊരുതാവുന്ന സ്കോറും ഉറപ്പാക്കി.

രചിൻ രവീന്ദ്രയെയും (37) കെയ്ൻ വില്യംസണെയും (11) പുറത്താക്കിയ കുൽദീപ് യാദവിന്‍റെ ഇരട്ട പ്രഹരമാണ് തുടക്കത്തിലേ കിവീസിനു തിരിച്ചടി നൽകിയത്. വിൽ യങ്ങും (15) ഗ്ലെൻ ഫിലിപ്സും (34) വരുൺ ചക്രവർത്തിക്കും ഇരകളായി. പേസ് ബൗളിങ്ങിനെ തീരെ സഹായിക്കാത്ത വിക്കറ്റിൽ വരുൺ ആറാം ഓവറിൽ തന്നെ പന്തെറിയാനെത്തിയിരുന്നു. മുഹമ്മദ് ഷമി ഒമ്പതോവറിൽ 74 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോൾ, ഹാർദിക് പാണ്ഡ്യ വിക്കറ്റില്ലാത്ത മൂന്നോവറിൽ 30 റൺസും വഴങ്ങി. പത്തോവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com