
കറാച്ചി: ചാംപ‍്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ പാക്കിസ്ഥാനു പരാജയം. ന‍്യൂസിലൻഡ് ഉയർത്തിയ 321 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 47.2 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ കിവികൾക്ക് അറുപത് റൺസിന്‍റെ ആധികാരിക വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലൻഡ് 5 വിക്കറ്റ് നഷ്ടത്തിലാണ് 320 റൺസ് നേടിയത്. ഓപ്പണിങ് ബാറ്റർ വിൽ യങ്ങിന്‍റെയും വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥമിന്‍റെയും സെഞ്ച്വറികൾ ടീമിനു കരുത്തേകി. 113 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു വിൽ യങ്ങിന്‍റെ ഇന്നിങ്സ് (107). 10 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ടോം ലാഥമിന്‍റെ (115) ഇന്നിങ്സ്. ഇവർക്കു പുറമെ ഗ്ലെൻ ഫിലിപ്പ്സ് 34 പന്തിൽ നേടിയ 61 ടീമിനെ മികച്ച സ്കോറിലെത്തിച്ചു.
തുടക്കത്തിലെ ഡെവൺ കോൺവെയെയും (10) കെയ്ൻ വില്ല‍്യംസണെയും (1) നഷ്ടപ്പെട്ടെങ്കിലും വിൽ യങ് ഒറ്റയ്ക്ക് പൊരുതി മത്സരം മുന്നോട്ട് കൊണ്ടുപോയി.
പിന്നാലെയെത്തിയ ഡാരിൽ മിച്ചലിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല (10). പാക്കിസ്ഥാന് വേണ്ടി പേസർ നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ രണ്ടും അബ്രറാർ അഹമ്മദ്, ഓരോ വിക്കറ്റും വീഴ്ത്തി.
സ്കോർ പിന്തുടർന്ന പാക് നിരയിൽ ബാബർ അസം (90 പന്തിൽ 64), ഖുഷ്ദിൽ ഷാ (49 പന്തിൽ 69) എന്നിവർക്കു മാത്രമാണ് അർധ സെഞ്ചുറി കടക്കാനായത്. ന്യൂസിലൻഡിനു വേണ്ടി വിൽ ഓറൂർക്ക്, ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോം ലാഥമാണ് പ്ലെയർ ഓഫ് ദ മാച്ച്.