
വിരാട് കോലി മത്സരത്തിനിടെ
ദുബായ്: ഐസിസി ചാംപ‍്യൻസ് ട്രോഫിയുടെ ആദ്യ സെമി ഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിനു കീഴടക്കിയ ഇന്ത്യയുടെ നീലപ്പട ഫൈനലിലേക്ക് മാർച്ച് ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ഓൾഔട്ടായി. ഇതോടെ, ടൂർണമെന്‍റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓൾഔട്ടാക്കാൻ ഇന്ത്യൻ ബൗളർമാർക്കു സാധിച്ചു. നാല് വിക്കറ്റും 11 പന്തും ശേഷിക്കെ ഇന്ത്യ 267 റൺസിലെത്തി ലക്ഷ്യം മറികടക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളിങ് നിരയെ മുന്നിൽനിന്നു നയിച്ചത്. വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും നിർണായകമായ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ്.
ഇന്ത്യ ന്യൂസിലൻഡിനെതിരേ പ്രയോഗിച്ച നാല് സ്പിന്നർ സ്ട്രാറ്റജി തന്നെ പിന്തുടർന്നപ്പോൾ, ഓസ്ട്രേലിയ രണ്ടു മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. പേസർ സ്പെൻസർ ജോൺസണു പകരം ലെഗ്ഗി തൻവീർ സംഗയെ ഉൾപ്പെടുത്തി സ്പിൻ വിഭാഗം ശക്തിപ്പെടുത്തി. പരുക്കേറ്റ ഓപ്പണർ മാത‍്യൂ ഷോർട്ടിനു പകരം കൂപ്പർ കോനെല്ലിയും കളിക്കാനിറങ്ങി.
കോനെല്ലിയെ തുടരെ അഞ്ച് പന്തുകളിൽ ബീറ്റ് ചെയ്ത് ആറാം പന്തിൽ പുറത്താക്കിയ ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒമ്പത് പന്ത് നേരിട്ട കോനെല്ലിക്ക് അക്കൗണ്ട് തുറക്കാനായില്ല. എന്നാൽ, അവിടെനിന്നങ്ങോട്ട് ഏകദിന ലോകകപ്പ് ഫൈനലിന്‍റെ ഓർമകളുണർത്തിയ ഇന്നിങ്സിന് ട്രാവിസ് ഹെഡ് തുടക്കമിട്ടു. പക്ഷേ, ഒമ്പതാം ഓവറിൽ തന്നെ വരുൺ ചക്രവർത്തിയെ പന്തേൽപ്പിച്ച ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തെറ്റിയില്ല. രണ്ടാം പന്തിൽ ശുഭ്മൻ ഗില്ലിനു ക്യാച്ച് കൊടുത്ത് ഹെഡ് (33 പന്തിൽ 39) മടങ്ങി.
മാർനസ് ലബുഷെയ്നും (36 പന്തിൽ 29) ജോഷ് ഇംഗ്ലിസും (12 പന്തിൽ 11) വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല. പക്ഷേ, ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്‍റെയും അലക്സ് കാരിയുടെയും അർധ സെഞ്ചുറികൾ ഓസ്ട്രേലിയക്ക് മോശമല്ലാത്ത സ്കോർ ഉറപ്പാക്കി. 96 പന്തിൽ 73 റൺസെടുത്ത സ്മിത്തിനെ ഷമി ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. കൂടുതൽ അപകടകാരിയായി കാണപ്പെട്ട കാരി 57 പന്തിൽ 61 റൺസെടുത്തു നിൽക്കെ റണ്ണൗട്ടുമായി.
മുഹമ്മദ് ഷമിയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ.
അക്ഷർ പട്ടേലിനെ സിക്സറടിച്ച് അപായ സൈറൻ മുഴക്കിയ ഗ്ലെൻ മാക്സ്വെല്ലിനെ (5 പന്തിൽ 7) അക്ഷർ അതേ ഓവറിൽ ക്ലീൻ ബൗൾ ചെയ്ത് തീയണച്ചു. ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19), ആഡം സാംപ (12 പന്തിൽ 7), നേഥൻ എല്ലിസ് (7 പന്തിൽ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റർമാരുടെ സ്കോറുകൾ. തൻവീർ സംഗ ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.
അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കിയ വരുൺ ചക്രവർത്തിയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
മറുപടി ബാറ്റിങ്ങിൽ ശുഭ്മൻ ഗില്ലിനെയും (8) രോഹിത് ശർമയെയും (28) നഷ്ടമായ ശേഷം വിരാട് കോലിയും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. 62 പന്തിൽ 45 റൺസെടുത്ത ശ്രേയസ് മടങ്ങിയ ശേഷവും പോരാട്ടം തുടർന്ന കോലി, അക്ഷർ പട്ടേലുമൊത്ത് (27) ടീം സ്കോർ 178ൽ എത്തിച്ച ശേഷമാണ് പുറത്തായത്.
തുടർന്ന് കെ.എൽ. രാഹുലും ഹാർദിക് പാണ്ഡ്യയും ഒരുമിച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയം ഉറപ്പിക്കുന്നത്. ജയിക്കാൻ ആറ് റൺസ് മാത്രം ശേഷിക്കെ പാണ്ഡ്യ പുറത്തായി. 24 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 28 റൺസാണ് പാണ്ഡ്യ നേടിയത്. 34 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത രാഹുലും രണ്ടു റൺസുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ഗ്ലെൻ മാക്സ്വെല്ലിനെ സിക്സർ പറത്തിയായിരുന്നു രാഹുലിന്‍റെ വിന്നിങ് ഷോട്ട്.
സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത‍്യക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.