Harmanpreet Kaur returns after the defeat against Australia
നിരാശയായി മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

വനിതാ ടി20 ലോകകപ്പ്: ഇന്ത്യയുടെ ഭാവി പാക്കിസ്ഥാന്‍റെ കൈയിൽ

ന്യൂസിലൻഡിനു പിന്നാലെ ഓസ്ട്രേലിയയോടും തോറ്റതോടെ ഇന്ത്യൻ വനിതകൾ പുറത്തേക്കുള്ള വഴിയിൽ
Published on

ഷാർജ: വനിതകളുടെ ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം തോൽവിയും ഏറ്റുവാങ്ങിയ ഇന്ത്യ പുറത്താകലിന്‍റെ വക്കിൽ. ഇന്ത്യയെ ഒമ്പത് റൺസിനു തോൽപ്പിച്ച ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചു. എന്നാൽ, നേരത്തെ ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യയുടെ മുന്നേറ്റം ഇനി ന്യൂസിലൻഡ് - പാക്കിസ്ഥാൻ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും.

ന്യൂസിലൻഡിനെതിരേ പാക്കിസ്ഥാൻ ജയിക്കുകയും ഇന്ത്യയുടെ നെറ്റ് റൺ റേറ്റിനെ മറികടക്കാതിരിക്കുകയും ചെയ്താൽ മാത്രമാണ് ഇനി ഇന്ത്യക്ക് സെമി ഫൈനൽ സാധ്യതയുള്ളൂ. ന്യൂസിലൻഡ് ജയിച്ചാൽ അവർ ഓസ്ട്രേലിയക്കൊപ്പം നേരെ സെമി ഫൈനലിനു യോഗ്യത നേടും.

ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ഗ്യാലറി നിറച്ച ആരാധകർ പകർന്ന ആവേശത്തിനും ഓസ്ട്രേലിയക്കെതിരേ ഇന്ത്യയെ ജയത്തിലേക്കു പ്രചോദിപ്പിക്കാൻ സാധിച്ചില്ല. ടോസിനു ശേഷം മലയാളി ലെഗ് സ്പിന്നർ ആശ ശോഭനയ്ക്കു പരുക്കേറ്റതു കാരണം എതിർ ടീമിന്‍റെ പ്രത്യേക അനുമതി വാങ്ങിയാണ് ഇന്ത്യ ടീമിൽ 11 പേരെ തികച്ചതു തന്നെ.

152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴോവറെത്തിയപ്പോൾ തന്നെ 47/3 എന്ന നിലയിൽ പതർച്ചയിലായി. എന്നാൽ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും ഒരുമിച്ച 63 റൺസിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനു വീണ്ടും പ്രതീക്ഷ പകർന്നു.

എന്നാൽ, അവസാന അഞ്ചോവറിൽ ശരാശരി പത്ത് റൺസ് മതിയെന്ന ഘട്ടത്തിൽ 31 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. മൂന്ന് ഇന്ത്യൻ ബാറ്റർമാർ പുറത്തായത് റണ്ണൗട്ടിന്‍റെ രൂപത്തിലാണ്. നിർണായക മത്സരങ്ങളിൽ മനഃസാന്നിധ്യം കൈവിടുന്ന ഇന്ത്യൻ പതിവ് കണക്കിലെടുത്ത് ടീമിനൊപ്പം മാനസികാരോഗ്യ വിദഗ്ധനെ വരെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതും ഫലം ചെയ്തില്ല.

logo
Metro Vaartha
www.metrovaartha.com