
പാറ്റ് കമ്മിൻസ്, ടെംബാ ബാവുമ
ലണ്ടൻ: ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ ഐസിസിസി ടെസ്റ്റ് ചാംപ‍്യൻഷിപ്പിന് ബുധനാഴ്ച തുടക്കമാവും. കരുത്തരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. കീരിടം നിലനിർത്തുകയെന്ന ലക്ഷ‍്യം മുന്നിൽ കണ്ട് ഓസ്ട്രേലിയയും കന്നിക്കിരീടം സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കയും പോരിനിറങ്ങുന്നു.
ലോർഡ്സിൽ മുമ്പ് കളിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഓസീസ് തോൽവിയറിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്ക അവസാനമായി കളിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ട് മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. ഓസീസിനെ പാറ്റ് കമ്മിൻസും ദക്ഷിണാഫ്രിക്കയെ ടെംബ ബാവുമയുമാണ് നയിക്കുന്നത്.
ടെസ്റ്റ് ചാംപ‍്യൻഷിപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചാൽ ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ട് റൗണ്ടിൽ സ്ഥിരം പുറത്താവുന്ന ടീമെന്ന പേരുദോഷം ദക്ഷിണാഫ്രിക്കയ്ക്ക് ഒഴിവാക്കാം.
ഇന്ത‍്യൻ സമയം 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലൂടെ മത്സരം തത്സമയം കാണാൻ സാധിക്കും. ജൂൺ 11 മുതൽ 15 വരെയാണ് മത്സരം. മഴയോ എന്തെങ്കിലും സാങ്കേതിക കാരണങ്ങളോ മൂലം മത്സരം മുടങ്ങിയാൽ ജൂൺ 16ന് റിസർവ് ദിനം ഉണ്ടായിരിക്കും. വിജയികൾക്ക് 30.84 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 18.50 കോടിയും ലഭിക്കും.