ദക്ഷിണേന്ത്യൻ ഗോദയിൽ തിളങ്ങുന്ന ഇടുക്കിക്കാരി

ദക്ഷിണേന്ത്യൻ ഗോദയിൽ തിളങ്ങുന്ന ഇടുക്കിക്കാരി

ഇരുപതാം വയസ്സിൽ ഇടുക്കിയുടെ മാത്രമല്ല കേരളത്തിന്‍റെ മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ് ഈ രാജമുടി സ്വദേശിനി

അജീന അബ്രാഹം

ദക്ഷിണേന്ത്യയുടെ എണ്ണം പറഞ്ഞ ഗോദയിൽ ഇറങ്ങി മല്ലിട്ട് എതിരാളികളെ മലർത്തിയടിച്ച് ആരും കൊതിക്കുന്ന മെഡൽത്തിളക്കവുമായി മടങ്ങിയെത്തിയ ഇടുക്കിക്കാരി... ഇരുപതാം വയസ്സിൽ ഇടുക്കിയുടെ മാത്രമല്ല കേരളത്തിന്‍റെ മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ് രാജമുടി സ്വദേശിനി അയോണ അബ്രാഹം. 2023 ജനുവരിയിൽ നടന്ന സൗത്ത് ഇന്ത്യൻ സീനിയർ നാഷണൽ വിമെൻസ് ഗുസ്തി ചാംപ്യൻഷിപ്പിലെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലെ വെങ്കല മെഡൽ ജേതാവാണ് അയോണ. സംസ്ഥാന സർക്കാരിന്‍റെ 'ഓപ്പറേഷൻ ഒളിംപിയ' എന്ന സ്കീമിലേക്കു നടത്തിയ സെലക്ഷനിൽ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത‌ും അയോണയായിരുന്നു.

അപ്രതീക്ഷിതമായി ഗുസ്തിയിലേക്ക്

തികച്ചും അപ്രതീക്ഷിതമായാണ് ഗുസ്തിയിലേക്കെത്തിയതെന്ന് വർക്കല എസ്എൻ കോളെജിലെ ഹ്യുമാനിറ്റീസ് അവസാന വർഷ വിദ്യാർഥിയായ അയോണ പറയുന്നു.

''തികച്ചും വ്യക്തി അധിഷ്ഠിതമായ കായിക വിനോദമാണ് ഗുസ്തി. മറ്റു കളികളെപ്പോലേ തമ്മിൽ പോരടിക്കുന്ന അക്രമ സ്വഭാവമല്ല ഗുസ്തിക്കുള്ളത്. ശരീരബലം ഉപയോഗിച്ച് എതിരാളിയെ മലർത്തിയടിക്കുന്നതിലാണ് ഇവിടെ വിജയം. മികവ് കാണിക്കണമെങ്കിൽ പോലും കഠിനമായ പരീശിലനവും സമർപ്പണവും ആവശ്യമാണ്''- കായികരംഗത്തെ തന്‍റെ അഭിനിവേശം മനസിലാക്കിയ കോച്ച് കെ.കെ. സിജോയാണ് ഗുസ്തിയേക്കുള്ള വാതിലുകൾ തുറന്നു തന്നതെന്നും അയോണ പറയുന്നു. ഇപ്പോൾ ജാസ്മിൻ ജോർജിന്‍റെ കീഴിൽ പരിശീലനം തുടരുന്ന അയോണ കായികമേഖലയിൽ പുതിയ ഉയരങ്ങൾ ലക്ഷ്യമിടുന്നു.

കല്ലുംമുള്ളും നിറഞ്ഞ പാതയിലൂടെ...

നന്നേ ചെറുപ്പത്തിൽ സ്പോർട്സ് ഇനങ്ങളിൽ മത്സരിക്കുമായിരുന്നു. അഞ്ചാം ക്ലാസ് മുതലാണ് ഗുസ്തിയോടുള്ള താത്പര്യം തുടങ്ങുന്നത്. അക്കാര്യം കോച്ചിനോട് പറഞ്ഞിരുന്നെങ്കിലും നിരുത്സാഹപ്പെടുത്തുകയായിരുന്നു. പീന്നിടങ്ങോട്ട് അതലറ്റ്ക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും, ഉള്ളിൽ ഗുസ്തിയോട് വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. ഈ സമയത്താണ് ഓപ്പറേഷൻ ഒളിംപിയയെക്കുറിച്ച് കേൾക്കുന്നത്.

കായികരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്തി മികച്ച പരീശിലനം നൽകി, അവരെ ഒളിംപിക്സ് മത്സരാർഥികളായി വാർത്തെടുക്കുകയായിരുന്നു ഈ സ്കീമിന്‍റെ ലക്ഷ്യം. തലസ്ഥാന നഗരിയിലാണ് ഇതിനുള്ള വേദിയൊരുങ്ങിയത്. യാതൊരു മുൻപരിചയവുമില്ലാതെയാണ് ഗുസ്തിയിലേക്കുള്ള കടന്നുവരവ്. അതിനാൽ തന്നെ ഏറെ കഠിനമായിരുന്നു അയോണയുടെ ഓരോ ചുവടുവെയ്പ്പും. കേരളത്തിനു പുറത്തുനിന്നുള്ള കോച്ചുകളുടെ പരീശിലനത്തിൽ ഗുസ്തിയുടെ അഭ്യാസമുറകൾ ഓരോന്നായി പഠിച്ചെടുത്തു. വേക്കേഷന്‍ സമയത്താണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. പരീശിലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇടുക്കിയിൽ ഇല്ലാത്തതിനാൽ മറ്റു ജില്ലകളിൽ പോയാണ് പരീശിലനം നേടിയിരുന്നത്.

അവധിദിനങ്ങളിൽ വയ്ക്കുന്ന മത്സരങ്ങൾക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി വീട്ടിൽ പോകാനാകാതെ മാസങ്ങളോളം സുഹൃത്തിന്‍റെ വിട്ടിൽ നിന്ന് പരീശിലിച്ചിട്ടുണ്ട്. ഗുസ്തിയോടുള്ള താത്പര്യം തന്നെയാണ് തന്നെ ഗുസ്തിക്കാരിയ‌ാക്കിയതെന്ന് അയോണ പറയുന്നു.

പരാജയങ്ങളിൽ തളരാതെ...

''ആദ്യമൊക്ക പരാജയങ്ങൾ നേരിട്ടെങ്കിലും അതൊന്നും എന്‍റെ ആത്മവിശ്വാസത്തെ തളർത്തിയിരുന്നില്ല. കളിയിൽ വിജയപരാജയങ്ങൾ സ്വഭാവികമാണ്. ഓരോ കളി കഴിയുമ്പോഴും എനിക്ക് എന്നെത്തന്നെ വിലയിരുത്താനുള്ള അവസരമായി ഞാനതിനെ കണ്ടു. ഓരോ മത്സരവും എനിക്ക് പുതിയ പാഠമായിരുന്നു. ഓരോ മത്സരാർഥികളുടെയും അഭ്യാസമുറകളും ശൈലികളും മനസിലാക്കാൻ സാധിച്ചു. ഒരു കായികതാരമെന്ന നിലയിൽ എനിക്ക് എന്നെതന്നെ വളർത്തിയെടുക്കാനുള്ള പ്രചോദനമായിരുന്നു ഓരോ മത്സരങ്ങളും. ജൂനിയർ, സീനിയർ, അണ്ടർ 23, സൗത്ത് വെസ്റ്റ് സോൺ, ഓൾ ഇന്ത്യ ഇന്‍റർ യൂണിവേഴ്സിറ്റി തുടങ്ങി നിരവധി മത്സരയിനങ്ങളിൽ പങ്കെടുത്തിരുന്നു. ഈ സമയത്തേൽക്കുന്ന പരുക്ക് പീന്നിട് നടക്കുന്ന മത്സരങ്ങളെയും ബാധിച്ചിരുന്നു. ഇന്‍റർ യൂണിവേഴ്സിറ്റി ഗുസ്തി ചാംപ്യൻഷിപ്പിനിടെയുണ്ടായ പരുക്ക് മൂലം ഒരുവർഷത്തോളം മത്സരിക്കാൻ സാധിച്ചിരുന്നില്ല. കേരളത്തിനു പുറത്തുവച്ചു നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോഴുള്ള യാത്രാ കേശ്ലങ്ങളും ഏറെയായിരുന്നു'', അയോണ പറയുന്നു.

ജൂനിയർ ഗുസ്തി ചാപ്യൻഷിപ്പ്- ഗോൾഡ്, ഇന്‍റർ കൊളീജിയറ്റ് ഗുസ്തി ചാംപ്യൻഷിപ്പ്- ഗോൾഡ് എന്നിങ്ങനെ ഇതിനോടകം തന്നെ നിരവധി മെഡലുകൾ കരസ്ഥമാക്കി. നേട്ടങ്ങൾ പലതും കൈയടക്കാനായെങ്കിലും മുന്നോട്ടുള്ള പരീശീലനത്തിന്‍റെ കാര്യത്തിൽ അയോണയ്ക്ക് ഇപ്പോഴും ആശങ്കയുണ്ട്.

അയോണ അബ്രാഹം
അയോണ അബ്രാഹം

''ഓപ്പറേഷൻ ഒളിംപിയ എന്ന സ്കീമിൽ നിന്ന് പെട്ടെന്നൊരു ദിവസമാണ് ഗുസ്തി എടുത്തുകളഞ്ഞത്. ഗുസ്തിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കുമേൽ ഏറ്റ ആഘാതമായിരുന്നു ആ വാർത്ത. ഇനി മുന്നോട്ടുള്ള പരിശീലനം ഒരു ചോദ്യചിഹ്നത്തിലായിരുന്നെങ്കിലും കേരള സ്പോർട്സ് കൗൺസിലിനു കീഴിൽ വീണ്ടും പരിശീലനം തുടർന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗുസ്തിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു മാത്രമല്ല ആവശ്യത്തിന് പരീശിലകരില്ലാത്തതും വലിയ വെല്ലുവിളിയാണ്'', നിലവിലുള്ള പ്രശ്നങ്ങളും കായികമേഖലയിലെ ഭാവി എന്താക്കിത്തീരുമെന്ന ആശങ്കയും അയോണയുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നു....

Trending

No stories found.

Latest News

No stories found.