ഇന്ത്യൻ സൈന്യത്തിന്‍റെ വാർത്താസമ്മേളനത്തിലും വിരാട് കോലി!

തോംസണിൽ നിന്ന് രക്ഷപെട്ടാലും നിങ്ങൾ തീർച്ചയായും ലിലിക്ക് പിടികൊടുക്കേണ്ടിവരും
Indian defense leadership press briefing mentions Virat Kohli, Dennis Lillee, Jeff Thompson

ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളിങ് ഇതിഹാസങ്ങളായ ഡെന്നിസ് ലില്ലിയും ജെഫ് തോംസണും

ഫയൽ

Updated on

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ച് മൂന്ന് ഇന്ത്യൻ സേനകൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഇടംപിടിച്ച് വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനവും ആഷസ് പരമ്പരയും. ഇന്ത്യയുടെ ഡയറക്റ്റർ ജനറൽ ഒഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്റ്റനന്‍റ് ജനറൽ രാജീവ് ഖായ് ആണ് വിരാട് കോലിയുടെ വിരമിക്കൽ വാർത്ത എടുത്തുപറഞ്ഞത്. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തിന്‍റെ മികവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ആഷസ് പരമ്പരയിലെ ഇതിഹാസ ബൗളിങ് കൂട്ടുകെട്ടായ ഓസ്ട്രേലിയയുടെ ജെഫ് തോംസൺ – ഡെന്നിസ് ലിലി പേസ് ദ്വയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചത്.

''വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നുവെന്ന് ഇന്നു വന്ന വാർത്ത ഞാനും ശ്രദ്ധിക്കുകയായിരുന്നു. പല ഇന്ത്യക്കാരെയും പോലെ എന്‍റെയും ഇഷ്ടതാരം കോലിയാണ്. 1970കളിലെ ഒരു ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയുടെ ഇതിഹാസ പേസ് ബോളർമാരായ ജെഫ് തോംസണും ഡെന്നിസ് ലിലിയും ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ കനത്ത നാശം വിതച്ചു. ഇംഗ്ലിഷ് ബാറ്റിങ് നിരയ്‌ക്കെതിരേ ഇരുവരും പുലർത്തിയ ആധിപത്യം കണ്ട് ഓസ്ട്രേലിയക്കാർ ഒരു ശൈലി പോലും രൂപപ്പെടുത്തി''- ഇന്ത്യയുടെ യുദ്ധതന്ത്രങ്ങളെ ഉദാഹരിച്ച് അദ്ദേഹം തുടർന്നു.

"ഫ്രം ആഷസ് ടു ആഷസ് ആൻഡ് ഡസ്റ്റ് ടു ഡസ്റ്റ്. ഈഫ് തോമോ ഡോണ്ട് ഗെറ്റ് യു, ദെൻ ലിലി ഷുവർലി മസ്റ്റ് (ചാരത്തിൽ നിന്ന് ചാരത്തിലേക്ക്, പൊടിയിൽ നിന്ന് പൊടിയിലേക്ക്. തോംസണിൽ നിന്ന് രക്ഷപെട്ടാലും നിങ്ങൾ തീർച്ചയായും ലിലിക്ക് പിടികൊടുക്കേണ്ടിവരും). ഈ വാചകങ്ങളിലൂടെ സൂക്ഷ്മമായി കണ്ണോടിച്ചാൽ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകും. എങ്ങനെയൊക്കെ കണ്ണുവെട്ടിച്ച് ‌രക്ഷപെടാമെന്ന‌ു നിങ്ങൾ കരുതിയാലും, പല തലങ്ങളുള്ള ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്‍റെ ഏതെങ്കിലും ഒരു തലത്തിൽവച്ച് നിങ്ങൾ പിടിക്കപ്പെടും'' – രാജീവ് ഖായി പറഞ്ഞു.

രാജീവ് ഖായിക്കു പുറമേ എയർ മാർഷൽ എ.കെ. ഭാരതി, നേവി ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ എ.എൻ. പ്രമോദ്, മേജർ ജനറൽ എസ്.എസ്. ശാർദ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com