

ശ്രേയസ് അയ്യർ
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര 2-1ന് കലാശിച്ചതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തിരിച്ചടിക്ക് തയാറെടുക്കുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ഓസ്ട്രേലിയൻ പരമ്പരക്കിടെ ഗുരുതരമായി പരുക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടനെ ടീമിൽ തിരിച്ചെത്താൻ സാധ‍്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ശ്രേയസ് ദക്ഷിണാഫ്രിക്കൻ പരമ്പര കളിച്ചില്ലെങ്കിൽ ആരാകും പകരമെത്തുകയെന്നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ സജീവ താരമായ തിലക് വർമ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറൽ, റിയാൻ പരാഗ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. പരുക്കിൽ നിന്നും മുക്തനായ ഋഷഭ് പന്തിനെയും ടീമിലേക്ക് തിരിച്ചു വിളിച്ചേക്കും.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ നടന്ന അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ധ്രുവ് ജുറലിന് തന്നെയാണ് ഇവരിൽ സാധ‍്യത കൂടുതൽ. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ശ്രേയസിന്‍റെ പകരക്കാരനെ തെരഞ്ഞെടുക്കുന്നതിൽ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. നവംബർ 30നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.