
ഇഗ സ്വിയാടെക്
ഗ്രാൻഡ്സ്ലാം ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നിൽ അമെരിക്കയുടെ അമാൻഡ അനിസിമോവയെ കീഴടക്കി പോളണ്ട് താരം ഇഗ സ്വിയാടെക് കന്നി വിംബിൾഡൺ കിരീടം ചൂടുമ്പോൾ റെക്കോഡുകളുടെ പെരുമഴയാണ് പെയ്തത്.
ശനിയാഴ്ച രാത്രി നടന്ന ഫൈനലിൽ 6-0-6-0 എന്ന സ്കോറിന് വളരെ അനായാസമായ ജയമാണ് ഇഗ സ്വന്തമാക്കിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനൽ വെറും 57 മിനിറ്റിൽ അവസാനിച്ചു. 1911ൽ ബ്രിട്ടന്‍റെ ദോറൊത്തി ലാംബർട്ട് ചേംബേഴ്സിനുശേഷം ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൺ ഫൈനൽ ജയിക്കുന്ന ആദ്യ താരമായി ഇഗ. ഇഗയുടെ ആറാം ഗ്രാൻഡ്സ്ലാം നേട്ടവും ആദ്യ വിംബിൾഡൺ വിജയവുമായി ഇതുമാറി.
അനിസിമോവയ്ക്കെതിരായ ജയത്തിലൂടെ ഇഗ കുറിച്ച മറ്റു റോക്കോഡുകൾ ഇവ:
ഓപ്പൺ യുഗത്തിൽ വിംബിൾഡൺ ജയിക്കുന്ന ആദ്യ പോളണ്ട് താരം.
ഓപ്പൺ യുഗത്തിൽ 6-0, 6-0 എന്ന സ്കോറിന് വിംബിൾഡൺ ഫൈനൽ ജയിക്കുന്ന ആദ്യ വനിത.
നിലവിൽ സജീവമായ വനിതകളിൽ മൂന്ന് പ്രതലങ്ങളിലും ഗ്രാൻഡ്സ്ലാം ജയിച്ച ഒരേയൊരു താരം.
ഓപ്പൺ യുഗത്തിൽ 6-0, 6-0 എന്ന സ്കോറിന് ഗ്രാൻഡ്സ്ലാം ജയിക്കുന്ന രണ്ടാമത്തെ താരം. (1988 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നടാഷ സ്വരേവയെ തോൽപ്പിച്ച സ്റ്റെഫി ഗ്രാഫ് ഇക്കാര്യത്തിൽ സ്വിയാടെക്കിന്‍റെ മുൻഗാമി.)
മാർഗരറ്റ് കോർട്ടിനും മോണിക്ക സെലസിനുംശേഷം ആദ്യ ആറ് ഗ്രാൻഡ്സ്ലാം ഫൈനലുകളും ജയിക്കുന്ന വനിത.
2002 സെറീന വില്യംസിനുശേഷം മൂന്ന് പ്രതലങ്ങളിലും ഗ്രാൻഡ്സ്ലാം ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
2004ൽ സെറീനയ്ക്കുശേഷം ഏറ്റവും വേഗം 100 ഗ്രാൻഡ്സ്ലാം മത്സരങ്ങൾ ജയിക്കുന്ന താരം.