ഇംപാക്റ്റ് പ്ലെയർ റൂൾ: ഓൾറൗണ്ടർമാർക്ക് 'വംശനാശ ഭീഷണി'

രോഹിത് ശർമയും യുവരാജ് സിങ്ങുമെല്ലാം ഹാട്രിക് നേടുന്നതിനു വരെ സാക്ഷ്യം വഹിച്ചിട്ടുണ്ട് ഐപിഎൽ. എന്നാൽ, ഇംപാക്റ്റ് പ്ലെയർ സമ്പ്രദായം നിലനിൽക്കുന്നിടത്തോളം അങ്ങനെയൊരു കാഴ്ച ഇനി പ്രതീക്ഷിക്കാനാവില്ല.
ജോസ് ബട്‌ലർ
ജോസ് ബട്‌ലർ

വി.കെ. സഞ്ജു

ഇംപാക്റ്റ് പ്ലെയർ റൂൾ കഴിഞ്ഞ സീസൺ മുതൽ പരീക്ഷിച്ചു തുടങ്ങിയതാണെങ്കിലും ഈ സീസണിലാണ് ഐപിഎല്ലിൽ വൻ ഹിറ്റായി മാറിയത്. ഫലത്തിൽ ഓരോ ടീമിലും 12 പേരെ ഉൾപ്പെടുത്താൻ സാധിക്കുന്ന ഈ നിയമം പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൽ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക എന്ന വാദം ശക്തമാണ്.

ഫീൽഡിൽ 11 കളിക്കാർ മാത്രമേ കാണൂ എങ്കിലും, ആകെ 12 കളിക്കാരെ ഉൾപ്പെടുത്താൻ സാധിക്കുന്നതു വഴി ഐപിഎൽ ടീമുകളിൽ ഓൾറൗണ്ടർമാരുടെ ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. കപിൽ ദേവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യക്കു പോലും ഈ നിയമം തിരിച്ചടിയായിക്കഴിഞ്ഞു. എടുത്തു പറയത്തക്ക ഓൾറൗണ്ട് പ്രകടനങ്ങൾ ഈ സീസണിൽ ഉണ്ടായിട്ടുള്ളത് രവീന്ദ്ര ജഡേജയിൽ നിന്നു മാത്രം. ക്രുണാൽ പാണ്ഡ്യ, രാഹുൽ തേവാത്തിയ, ശിവം ദുബെ, റിയാൻ പരാഗ് തുടങ്ങിയ ഓൾറൗണ്ടർമാരെല്ലാം സ്പെഷ്യലിസ്റ്റ് ബാറ്റർമാരോ ബൗളർമാരോ ആയാണ് ഈ സീസണിൽ കളിക്കുന്നത്.

രാഹുൽ തേവാത്തിയയുടെ ലെഗ് സ്പിൻ
രാഹുൽ തേവാത്തിയയുടെ ലെഗ് സ്പിൻ

എന്നാൽ, ഇംപാക്റ്റ് പ്ലെയർ ഇല്ലാത്ത ഐപിഎല്ലിനെക്കുറിച്ച് ഇനി ചിന്തിക്കാനും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്‌ലർ ഈ സീസണിൽ നേടിയ രണ്ടു സെഞ്ചുറികളും ഇംപാക്റ്റ് പ്ലെയർ റോളിൽ കളിച്ചപ്പോഴായിരുന്നു.

ഒരു ബാറ്ററെ അധികമായി കളിപ്പിക്കാനുള്ള സാധ്യത കൂടുതൽ വലിയ സ്കോറുകളിലേക്ക് ടീമുകളെ നയിക്കുന്നു. എന്നാൽ, ജഡേജയ്ക്കും ഹാർദിക്കിനും ശേഷം ഒരു ജെനുവിൻ മാച്ച് വിന്നിങ് ഓൾറൗണ്ടർ ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുവന്നിട്ടില്ല എന്നതു കണക്കിലെടുക്കുമ്പോൾ, ഇംപാക്റ്റ് പ്ലെയർ റൂൾ ഈ അവസ്ഥ കൂടുതൽ പരിതാപകരമാക്കാനേ സാധ്യതയുള്ളൂ. ഈ റൂൾ ഐപിഎല്ലിൽ മാത്രമുള്ളതാണെന്നതും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സ്വീകരിച്ചിട്ടില്ലെന്നതും കൂടി ഓർക്കേണ്ടതുണ്ട്.

ഇന്ത്യക്കു വേണ്ടി പന്തെറിയുന്ന 'മീഡിയം പേസർ' ശിവം ദുബെ.
ഇന്ത്യക്കു വേണ്ടി പന്തെറിയുന്ന 'മീഡിയം പേസർ' ശിവം ദുബെ.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബൗളിങ് റെക്കോഡുകളുള്ള രാഹുൽ തെവാത്തിയയും റിയാൻ പരാഗും ഇത്തവണത്തെ ഐപിഎൽ സീസണിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരാണ്. ഒരിക്കൽ ഹാർദിക്കിനു പകരക്കാരായി പോലും പരിഗണിക്കപ്പെട്ടിരുന്ന വിജയ് ശങ്കറിന്‍റെയും ശിവം ദുബെയുടെ മീഡിയം പേസ് ബൗളിങ് ഇന്നു കാണാൻ പോലും കിട്ടുന്നില്ല.

ഹാർദിക് പാണ്ഡ്യ സീസണിന്‍റെ തുടക്കത്തിൽ ന്യൂബോൾ വരെ കൈകാര്യം ചെയ്തിരുന്നെങ്കിലും കാര്യമായ പ്രഭാവം സൃഷ്ടിക്കാൻ സാധിക്കാത്തതിനാൽ ബൗളിങ് ഏറെക്കുറെ മതിയാക്കിയ മട്ടാണ്. ഭേദപ്പെട്ട ബാറ്ററായ അക്ഷർ പട്ടേൽ ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങുന്നത് ഏഴാം നമ്പർ മുതൽ താഴേയ്ക്കു മാത്രം.

ഫീൽഡിങ് ക്യാപ്റ്റന് ഒരു ബൗളറെ അധികമായി ആവശ്യം വരുമ്പോൾ സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും വീരേന്ദർ സെവാഗും സുരേഷ് റെയ്നയും യുവരാജ് സിങ്ങുമെല്ലാം നിരന്നു നിന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിൽ. ഐപിഎൽ യുഗത്തിലും രോഹിത് ശർമയും യുവരാജ് സിങ്ങുമെല്ലാം പന്തെറിയുന്നതു മാത്രമല്ല, ഹാട്രിക് നേടുന്നതു വരെ ക്രിക്കറ്റ് പ്രേമികൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇംപാക്റ്റ് പ്ലെയർ സമ്പ്രദായം നിലനിൽക്കുമ്പോൾ ഇനി അങ്ങനെയൊരു കാഴ്ച കാണാനായെന്നു വരില്ല. ഹർഷിത് റാണയുടെ ബാറ്റിങ് മികവോ ഷാറുഖ് ഖാന്‍റെ ബൗളിങ് മികവോ ടീമുകൾക്ക് ആവശ്യമില്ലാതായിരിക്കുന്നു.

രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും.
രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും.File

ഇതിന്‍റെയെല്ലാം ദുരന്ത ഫലം അനുഭവിക്കാൻ പോകുന്നത് ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനിരിക്കുന്ന അജിത് അഗാർക്കറും സംഘവുമായിരിക്കും. ഹാർദിക് പാണ്ഡ്യക്ക് ഫോം വീണ്ടെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ജഡേജ എന്ന ഒറ്റ ഓൾറൗണ്ടറെ ആശ്രയിച്ചിരിക്കും ഇന്ത്യൻ പ്ലെയിങ് ഇലവന്‍റെ സന്തുലനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com