ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്‍റെ തീയതി മാറ്റിയേക്കും

മത്സരം നിശ്ചയിച്ചിരിക്കുന്ന ഒക്റ്റോബർ 15 അഹമ്മദാബാദിൽ നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്ന ദിവസമായതിനാലാണ് മത്സരം നേരത്തെയാക്കാൻ ആലോചിക്കുന്നത്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.
Updated on

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒക്റ്റോബർ 15നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരം ഒരു ദിവസം മുൻപാക്കിയേക്കും. മത്സരം നടക്കുന്ന അഹമ്മദാബാദിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത് ഒക്റ്റോബർ 15നായതിനാലാണ് മത്സരം തലേ‌ ദിവസത്തേക്കു മാറ്റാൻ ആലോചിക്കുന്നത്.

തീയതിയിൽ മാറ്റമുണ്ടായാൽ, വളരെ മുൻകൂട്ടി യാത്രാ ടിക്കറ്റുകളും താമസ സൗകര്യങ്ങളുമെല്ലാം ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികൾ ബുദ്ധിമുട്ടിലാകും. കഴിഞ്ഞ മാസമാണ് ഐസിസിയും ബിസിസിഐയും ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും ഹോട്ടൽ വാടകയുമെല്ലാം കുതിച്ചുയർന്നിരുന്നു. ഹോട്ടലുകളിലെ അമിത നിരക്ക് കാരണം പലരും സമീപത്തുള്ള ആശുപത്രികളിൽ ഒരു ദിവസം താമസിക്കാവുന്ന വിധത്തിൽ പാക്കേജുകൾ വരെ ബുക്ക് ചെയ്ത് കളി കാണാൻ തയാറെടുത്തു വരുന്നതിനിടെയാണ് പുതിയ നീക്കം.

നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്ന ദിവസം തന്നെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നടത്തുന്നത് സുരക്ഷാ പ്രശ്നങ്ങൾക്കു കാരണമായേക്കാമെന്ന ഏജൻസികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീയതി മാറ്റം പരിഗണിക്കുന്നത്. എന്നാൽ, ഐസിസി അനുമതി കൂടാതെ ഇനി മത്സരക്രമത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല.

സാധാരണഗതിയിൽ ഒരു വർഷം മുൻപു തന്നെ പ്രഖ്യാപിക്കാറുള്ള ലോകകപ്പ് മത്സരക്രമം, ഉദ്ഘാടനത്തിനു നൂറു ദിവസം മാത്രം ശേഷിക്കെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. ഇത്രയും വൈകിയതു തന്നെ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. പ്രഖ്യാപിച്ച മത്സരക്രമത്തിൽ മാറ്റം വരുത്തുക കൂടി ചെയ്താൽ വിമർശനങ്ങൾ കൂടുതൽ രൂക്ഷമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com