ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം, 93 റൺസെടുത്ത വിരാട് കോലി ടോപ് സ്കോറർ.
Chase master on song - virat Kohli plays a shot against New Zealand

ന്യൂസിലൻഡിനെതിരേ ഇന്ത്യൻ താരം വിരാട് കോലിയുടെ ബാറ്റിങ്.

Updated on

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. 93 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായ വിരാട് കോലി ഒരിക്കൽക്കൂടി "ചേസ് മാസ്റ്റർ' എന്ന വിശേഷണം അന്വർഥമാക്കി.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 56 റൺസും ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യർ 49 റൺസും നേടിയപ്പോൾ, ഹർഷിത് റാണയുടെ ഓൾറൗണ്ട് മികവും ഇന്ത്യക്കു കരുത്ത് പകർന്നു. കൃത്യം ഒരോവർ ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം നേടിയത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുത്തു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് ന്യൂസിലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ 29 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 26 റൺസെടുത്ത് പുറത്തായി. എന്നിട്ടും രോഹിത് - ഗിൽ ഓപ്പണിങ് സഖ്യം 39 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്.

കോലി എത്തിയ ശേഷമാണ് ഗിൽ ഒഴുക്കോടെ ബാറ്റ് ചെയ്തു തുടങ്ങിയത്. 71 പന്തിൽ മൂന്ന് ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്, ന്യൂസിലൻഡിന്‍റെ ഇന്ത്യൻ വംശജനായ ലെഗ് സ്പിന്നർ ആദിത്യ അശോക്. 91 പന്ത് നേരിട്ട കോലി, എട്ട് ഫോറും ഒരു സിക്സും സഹിതം 93 റൺസെടുത്തും പുറത്തായി. പിന്നാലെ രവീന്ദ്ര ജഡേജയും (4) ശ്രേയസ് അയ്യരും (47 പന്തിൽ 49) മടങ്ങി.

ബാറ്റിങ് ഓർഡറിൽ പ്രമോഷൻ കിട്ടിയ ഹർഷിത് റാണ അവിടെവച്ച് രാഹുലിനൊപ്പം ചേർന്നു. 23 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്ത റാണയുടെ പ്രകടനം ടീമിനെ ജയത്തോടടുപ്പിച്ചു. റാണ പുറത്തായ ശേഷമാണ് വാഷിങ്ടൺ സുന്ദർ ബാറ്റ് ചെയ്യാനിറങ്ങിയത്. ആ സമയം ഇന്ത്യക്ക് വേണ്ടിയിരുന്നത് 22 പന്തിൽ 22 റൺസ്.

അവിടെനിന്ന് അമിതാവേശം കാണിക്കാതെ ബാറ്റ് ചെയ്ത രാഹുലും സുന്ദറും ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. രാഹുൽ 29 റൺസും സുന്ദർ ഏഴ് റൺസും നേടി പുറത്താകാതെ നിന്നു. 49ാം ഓവറിലെ അവസാന പന്ത് സിക്സറിനു പറത്തിയാണ് രാഹുൽ ജയം ആഘോഷിച്ചു.

ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏകദിനം | India vs New Zealand 1st ODI updates

ന്യൂസിലൻഡിന്‍റെ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ ഹർഷിത് റാണയുടെ ആഹ്ളാദം.

നേരത്തെ, കരുതലോടെ തുടങ്ങിയ കിവി ഓപ്പണർമാർ ഉറച്ച തുടക്കമാണ് ടീമിനു നൽകിയത്. ഡെവൺ കോൺവേ - ഹെൻറി നിക്കോൾസ് ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറി കൂട്ടുകെട്ടുയർത്തി. ടീം സ്കോർ 117 റൺസിൽ എത്തിയപ്പോഴാണ് 69 പന്തിൽ 62 റൺസെടുത്ത നിക്കോൾസിനെ ഹർഷിത് റാണ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ചത്. 67 പന്തിൽ 56 റൺസെടുത്ത കോൺവെയുടെ വിക്കറ്റും റാണയ്ക്കു തന്നെ. പിന്നാലെ വിൽ യങ്ങിനെ മുഹമ്മദ് സിറാജും ഗ്ലെൻ ഫിലിപ്സിനെ കുൽദീപ് യാദവും പുറത്താക്കി. ഇരുവരും 12 റൺസ് വീതമാണ് നേടിയത്.

എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന വിശ്വസ്തനായ ഡാരിൽ മിച്ചൽ കൂട്ടത്തകർച്ച ഒഴിവാക്കി. 71 പന്തിൽ 84 റൺസെടുത്ത മിച്ചലാണ് കിവികളുടെ ടോപ് സ്കോറർ. മറുവശത്ത് മിച്ചൽ ഹേ (18), മൈക്കൽ ബ്രേസ്‌വെൽ (16), ക്രിസ്റ്റ്യൻ ക്ലാർക്ക് (24) എന്നിവർ മാത്രമാണ് പിന്നെ രണ്ടക്കം കണ്ടത്. ഇന്ത്യക്കായി റാണയും സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏകദിനം | India vs New Zealand 1st ODI updates

ന്യൂസിലൻഡ് ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഏകദിന പരമ്പരയ്ക്കുള്ള ട്രോഫിയുമായി.

ഓപ്പണറായി ഗില്ലും മധ്യനിരയിൽ ശ്രേയസ് അയ്യരും തിരിച്ചെത്തിയതാണ് ഇന്ത്യൻ ടീമിലെ പ്രധാന മാറ്റങ്ങൾ. യശസ്വി ജയ്സ്വാളിന് പ്ലെയിങ് ഇലവനിൽ ഇടമില്ല. ഋതുരാജ് ഗെയ്ക്ക്വാദിനെ പതിനഞ്ചംഗ ടീമിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇരുവരും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി നേടിയിരുന്നു.

ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കപ്പെട്ട പരമ്പരയിലൂടെ ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജും, കൂടെ ഹർഷിത് റാണയുമാണ് ഇന്ത്യക്കായി ന്യൂബോൾ എടുത്തത്.

ടീമുകൾ

ന്യൂസിലൻഡ് - ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യങ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), സാക്ക് ഫൗൾക്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമീസൺ, ആദിത്യ അശോക്.

ഇന്ത്യ - രോഹിത് ശർമ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com