ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും.
'ബ്രൂട്ടസ് ഒരു മാന്യനാകുന്നു' എന്ന് മാർക്ക് ആന്‍റണിയെക്കൊണ്ട് വില്യം ഷേക്ക്‌സ്പിയർ പറയിച്ചതു പോലെ ഇപ്പോൾ വേണമെങ്കിൽ പറയാം, 'അഡോൾഫ് ഹിറ്റ്ലർ ഒരു മാന്യനായിരുന്നു...'
മെഡൽ ജേതാക്കളെ അഭിനന്ദിച്ച ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ, ലോങ് ജംപിൽ സ്വർണം നേടിയ ജെസ്സി ഓവൻസിനു ഹസ്തദാനം നിഷേധിക്കുന്നു.
ഒന്നുകിൽ എല്ലാ മെഡൽ ജേതാക്കളെയും അഭിനന്ദിക്കുക, അല്ലെങ്കിൽ ആരെയും അഭിനന്ദിക്കാതിരിക്കുക എന്ന നിർദേശം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (IOC) മുന്നോട്ടു വയ്ക്കുന്നു.
രണ്ടാമത്തെ മാർഗം സ്വീകരിച്ച ഹിറ്റ്ലർ ഒളിംപിക് വേദി വിട്ടുപോകുന്നു.
മത്സരത്തിനു മുൻപ് പതിവുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും ഹസ്തദാനം ചെയ്യാതെ മടങ്ങി.
ടോസിനെത്തിയ ആഗയെ വിളിച്ചു മാറ്റി നിർത്തി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് എന്തോ രഹസ്യമായി സംസാരിക്കുന്നു. സൂര്യയോട് പ്രത്യേക സംസാരമൊന്നുമില്ല. പതിവ് ഹസ്തദാനമില്ലാതെ ടോസിട്ട് മത്സരം തുടങ്ങി.
മത്സരം ജയിച്ച ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം ചെയ്യാതെ മടങ്ങിപ്പോകുന്നു, ഡ്രസിങ് റൂമിന്‍റെ വാതിലുകൾ അടച്ചിടുന്നു.
ഇന്ത്യക്ക് വേണമെങ്കിൽ ഏഷ്യ കപ്പിൽ പങ്കെടുക്കാതിരിക്കാമായിരുന്നു. മികവിന്‍റെ നിലവാരത്തിൽ ഇന്ത്യയുടെ ഏഴയലത്തെങ്ങുമില്ലാതെ കുറേ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്‍റ് വഴി നമ്മുടെ ലോകകപ്പ് തയാറെടുപ്പുകൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ പാക്കിസ്ഥാനെതിരായ മത്സരങ്ങൾ ബഹിഷ്കരിച്ച യുവരാജ് സിങ്ങിന്‍റെ ഇന്ത്യൻ ടീം ഫൈനൽ പ്രവേശനം പോലും അതുവഴി വേണ്ടെന്നു വയ്ക്കുകയായിരുന്നു.
പക്ഷേ, വിപണി മൂല്യം നഷ്ടപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ബിസിസിഐ ഏഷ്യ കപ്പിൽ ടീമിനെ അയയ്ക്കാൻ തന്നെ തീരുമാനിച്ചു, പാക്കിസ്ഥാനെതിരേ കളിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ, പാക് താരങ്ങളുമായി ഹസ്തദാനം മാത്രം പാടില്ല!
ടൂർണമെന്‍റിൽ നിന്നു പിൻമാറുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം ബിസിസിഐക്കുണ്ടായിരുന്നു. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ ടീമിനെ വിടാൻ സാധിക്കില്ലെന്നു പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനുമുണ്ടായിരുന്നു. പക്ഷേ, കളി ഉപേക്ഷിച്ച്, കിട്ടാനുള്ള കാശ് കളയാൻ വയ്യ. താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയാൽ ക്രിക്കറ്റ് മാത്രമല്ല, രാഷ്ട്രീയം കൂടി കളിക്കുകയും വേണം!
ടൂർണമെന്‍റിൽ നിന്നു പിന്മാറാനോ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനോ ഇന്ത്യ തീരുമാനിച്ചെങ്കിൽ, ലോകത്തിന് അതുവഴി നൽകുന്ന സന്ദേശത്തിന് ഒരു വ്യക്തത ഉണ്ടാകുമായിരുന്നു. പക്ഷേ, കളിച്ചു ജയിച്ച ശേഷം മുഖം തിരിച്ചു നടക്കുന്ന രീതി സ്പോർട്സ് സംസ്കാരത്തിനു ചേരുന്നതല്ല.
പഹൽഗാം മറക്കാൻ പാടില്ല, ഓപ്പറേഷൻ സിന്ദൂർ ഓർക്കുകയും വേണം. പക്ഷേ, അതിനുള്ള മാന്യമായ വഴികൾ വേറെയുണ്ടായിരുന്നു. പരസ്പര ബഹുമാനം ഏതു കായിക മത്സരത്തിന്‍റെയും ആത്മാവാണ്. അത് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വിജയം അപമാനകരവും.
ഐസിസിയും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റും ബിസിസിഐയുടെ തിരക്കഥയിലെ കഥാപാത്രങ്ങളായിരുന്നു എന്നു വ്യക്തമാണ്. മാച്ച് റഫറിയുടെ അറിവോടെ തന്നെയാണ് ഹസ്തദാനം ഒഴിവാക്കിയതെന്ന് ടോസിന്‍റെ സമയത്തെ രഹസ്യ സംഭാഷണത്തിൽ വ്യക്തം. ഐസിസി അനുമതിയില്ലാതെ മാച്ച് റഫറിക്ക് ഇത്തരം കീഴ്‌വഴക്കങ്ങൾ ലംഘിക്കാനുമാവില്ല. ബിസിസിഐ പറയുന്നതിനപ്പുറത്തേക്കു ചലിക്കാനുള്ള സ്വാതന്ത്ര്യ ഐസിസിക്ക് ഇല്ലതാനും.
മത്സരഫലം എല്ലാവരും പെട്ടെന്നു മറക്കും, പക്ഷേ, ഇന്ത്യ പാക്കിസ്ഥാനു ഹസ്തദാനം നിഷേധിച്ചത് എക്കാലത്തും ഓർമയിലുണ്ടാകും. പാക്കിസ്ഥാന് ഇരവാദം ഉന്നയിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഇന്ത്യ തുറന്നിട്ടു കൊടുത്തിരിക്കുന്നത്.