ജോ റൂട്ട്
ജോ റൂട്ട്

ഇന്ത്യ 436 ഓള്‍ഔട്ട്; ഇംഗ്ലണ്ടിനെതിരേ 190 റണ്‍സിന്റെ ലീഡ്‌

രവീന്ദ്ര ജഡേജ (87) ടോപ് സ്കോറർ. ജോ റൂട്ടിന് നാല് വിക്കറ്റ്

ഹൈദരാബാദ്: ഇഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 190 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രാവിലെ 421/7 എന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസാണ് നേടിയിരുന്നത്.

81 റൺസുമായി കളി തുടങ്ങിയ രവീന്ദ്ര ജഡേജയെ 87 റൺസിൽ വച്ച് ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പന്ത് ബാറ്റ് ആൻഡ് പാഡ് ആണെന്നു സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേയിൽ വ്യക്തമാകാതിരുന്നതു കാരണം ഫീൽഡ് അംപയറുടെ തീരുമാനം തേഡ് അംപയർ ശരിവയ്ക്കുകയായിരുന്നു. ജഡേജ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറാം നമ്പറിൽ ഇറങ്ങി 180 പന്ത് നേരിട്ട ജഡേജ ഏഴ് ഫോറും രണ്ടു സിക്സും നേടിയിരുന്നു.

യശസ്വി ജയ്സ്വാളും (80) കെ.എൽ. രാഹുലുമാണ് (86) ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് 41 റൺസും അക്ഷർ പട്ടേൽ 44 റൺസും നേടി.

തൊട്ടടുത്ത പന്തിൽ തന്നെ ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ റൂട്ട് ക്ലീൻ ബൗൾ ചെയ്തു. ഹാട്രിക് ബോൾ മുഹമ്മദ് സിറാജ് പ്രതിരോധിച്ചെങ്കിലും, ഇന്നിങ്സിലാകെ നാല് വിക്കറ്റ് റൂട്ട് അതിനകം സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. മാർക്ക് വുഡിനെ മാത്രം പേസ് ബൗളറായി ടീമിൽ ഉൾപ്പെടുത്തിയ ഇംഗ്ലണ്ടിനു വേണ്ടി റൂട്ട് ഉൾപ്പെടെ നാല് സ്പിന്നർമാരാണ് പന്തെറിഞ്ഞത്. ഏറ്റവും കൂടുതൽ ഓവർ (29) എറിഞ്ഞതും റൂട്ട് തന്നെ.‌

രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജ

രരണ്ട് വിക്കറ്റ് വീണ ഓവറിനു ശേഷം പന്തെറിയാനെത്തിയ ലെഗ് സ്പിന്നർ റെഹാൻ അഹമ്മദ് ആദ്യ പന്തിൽ തന്നെ അക്ഷർ പട്ടേലിനെയും ക്ലീൻ ബൗൾ ചെയ്തതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. 100 പന്ത് നേരിട്ട അക്ഷർ ഏഴ് ഫോറും ഒരു സിക്സും ഉൾപ്പെടെ 44 റൺസാണ് നേടിയത്.

ടോം ഹാർട്ട്ലിയും റെഹാൻ അഹമ്മദും ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, ടീമിലെ ലീഡ് സ്പിന്നർ ജാക്ക് ലീച്ചിന് ഒരു വിക്കറ്റ് മാത്രമാണ് കിട്ടിയത്.