ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ബുംറ എ ടീമിൽ കളിക്കും

ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ബുംറയും ജഡേജയും പ്രസിദ്ധ് കൃഷ്ണയും ഇറങ്ങുന്നു; പരുക്കിൽ വലഞ്ഞ ന്യൂസിലൻഡ് എയ്ക്കെതിരേ ഇന്ത്യ എയുടെ അവസാന ചതുർദിന മത്സരം ലിങ്കണിൽ
ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ബുംറ എ ടീമിൽ കളിക്കും
Jasprit Bumrah
Updated on: 

ലിങ്കൺ: രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിലപ്പെട്ട പരിശീലനത്തിന് ഇറങ്ങുന്നു. പരുക്കിൽ വലയുന്ന ന്യൂസിലൻഡ് എയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ചതുർദിന മത്സരത്തിൽ, താരനിബിഡമായ ഇന്ത്യ എ ശനിയാഴ്ച ഇവിടെ കളത്തിലിറങ്ങും.

ഒക്റ്റോബർ മൂന്നിലെ ഏഷ്യൻ ഗെയിംസ് ഫൈനലിനു ശേഷം കളിച്ചിട്ടില്ലാത്ത ബുംറയെ, ന്യൂസിലൻഡ് പര്യടനത്തിലെ റെഡ്-ബോൾ ഘട്ടത്തിനു മാത്രമായി കരുതിവച്ചിരിക്കുകയാണ്. ജോലിഭാര നിയന്ത്രണത്തിന്‍റെ ഭാഗമായി, നിലവിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. നവംബർ 19ന് വെല്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ്. അതിനു മുൻപ് ന്യൂസിലൻഡ് എയ്ക്കെതിരേ മൈതാനത്ത് പരമാവധി സമയം ചെലവഴിക്കാനാകും ബുംറയുടെ ശ്രമം.

ഹാംസ്ട്രിങ് പരുക്കിൽനിന്ന് പൂർണമായി മുക്തനായ പ്രസിദ്ധ് കൃഷ്ണയെയും ടെസ്റ്റ് വെല്ലുവിളിക്കായി കരുതി വച്ചിരിക്കുകയാണ്. സെപ്റ്റംബർ 30ന് ഗോഹട്ടിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനമാണ് പ്രസിദ്ധ് അവസാനമായി കളിച്ചത്. സൗരാഷ്ട്രയ്ക്കു വേണ്ടി രണ്ടു രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ച്, ഏഴു വിക്കറ്റും ഒരു സെഞ്ച്വറിയും നേടിയ ശേഷമാണ് ജഡേജ ന്യൂസിലൻഡിലെത്തിയത്. ഏകദിന ടീമിൽ ഇടം നഷ്ടമായ അദ്ദേഹം, രഞ്ജിയിലെ ഫോം തുടർന്ന് ഓൾറൗണ്ട് പ്രകടനം കാഴ്ചവയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്. ദേവദത്ത് പടിക്കലും ധ്രുവ് ജുറേലുമാണ് പരമ്പരയിലെ മുൻനിര റൺവേട്ടക്കാർ. ഹാഗ്ലി ഓവലിൽ നടത്തിയ കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ 155 റൺസ് നേടി യശസ്വി ജയ്സ്വാൾ ഫോമിലേക്കു മടങ്ങിയെത്തി. ഏകദിന സ്ക്വാഡിൽനിന്ന് ആദ്യ മത്സരത്തിനു ശേഷം ഒഴിവാക്കപ്പെട്ട ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും റെഡ് ബോൾ പരിശീലനത്തിന് അവസരം ലഭിച്ചേക്കും.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പിച്ച് ബാറ്റിങ്ങിന് അനുകൂലമായി മാറിയിരുന്നു. എന്നാൽ, ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാൽ ഇവിടെ ഒന്നാം ദിനത്തിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ ഇന്ത്യ എ അതിജീവിക്കേണ്ടി വരും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 113 റൺസിന് പുറത്തായ ഇന്ത്യ എ, രണ്ടാം ഇന്നിങ്സിൽ 516 റൺസ് അടിച്ചുകൂട്ടിയിരുന്നു.

ന്യൂസിലൻഡ് എയ്ക്ക് മികച്ച ഫോമിലുള്ള പേസർമാരായ സൈമൺ കീൻ, ഫ്രേസർ ഷീറ്റ് എന്നിവരുടെ സേവനം നഷ്ടമാകും. കീനിന് ഇടതു ഹാംസ്ട്രിങ്ങിൽ ഗ്രേഡ്-2 പരുക്കും, ഷീറ്റിന് ഇടതുവശത്ത് പരുക്കുമാണ്.

ഇന്ത്യ എ: യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, യഷ് റാത്തോഡ്, ആർ. സ്മരൺ, ധ്രുവ് ജുറേൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, ശിഖർ മോഹൻ, മുകേഷ് ചൗധരി, മുകേഷ് കുമാർ, മാനവ് സുതാർ, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), തിലക് വർമ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ.

ന്യൂസിലൻഡ് എ: ആദി അശോക്, മാറ്റ് ബോയ്ൽ, മാക്സ് ചു (വിക്കറ്റ് കീപ്പർ), ഡാൻറു ഫേൺസ്, ഡീൻ ഫോക്സ്ക്രോഫ്റ്റ്, സാക് ഗിബ്സൺ, കർട്ടിസ് ഹീഫി, റീസ് മാരിയു, ജാറോഡ് മക്കേ, കാം പോൾ, ഡെയ്ൽ ഫിലിപ്സ്, ബ്രെറ്റ് റാൻഡൽ, ടിം റോബിൻസൺ.