
അഭിമന‍്യൂ ഈശ്വരൻ
മുംബൈ: ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീമിനെ ബംഗാൾ ഓപ്പണർ അഭിമന‍്യു ഈശ്വരൻ നയിക്കുമെന്ന് റിപ്പോർട്ട്. പരമ്പരയ്ക്കുള്ള ടീമിനെ വ‍്യാഴാഴ്ചയോടെ സെലക്റ്റർമാർ പ്രഖ‍്യാപിക്കുമെന്നാണ് വിവരം.
രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ‍്യാപിക്കുന്നതിന് തലേ ദിവസം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയതായും എ ടീം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
എ ടീമിൽ മലയാളി താരം കരുൺ നായരും ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇഷാൻ കിഷാൻ, ധ്രുവ് ജുറൽ, ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തനുഷ് കൊടിയാൻ, ബാബാ ഇന്ദ്രജിത്ത്, ആകാശ് ദീപ് എന്നിവരും ടീമിൽ എത്തിയേക്കും.
ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ച സാഹചര‍്യത്തിൽ പരമ്പരയിലെ ആദ‍്യ മത്സരത്തിൽ കരുൺ നായർക്കും സായ് സുദർശനും പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര‍്യത്തിൽ ഉറപ്പില്ല. രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ എത്താതെ പുറത്തായതിനാൽ യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ജൂൺ 20ന് ഇംഗ്ലണ്ടിലെ ഹെഡിങ്‌ലി സ്റ്റേഡിയത്തിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.