മുകേഷ്, സുദർശൻ, ദേവദത്ത്...; ഓസ്ട്രേലിയയിൽ കരുത്തറിയിച്ച് ഇന്ത്യ എ ടീം

രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ്
Sai Sudarsan
സായ് സുദർശന്‍റെ ബാറ്റിങ്
Updated on

ഓസ്ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എ ടീം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ്.

സീനിയർ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഓപ്പണർ അഭിമന്യു ഈശ്വരൻ (12), എ ടീം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് (5) എന്നിവർ പുറത്തായ ശേഷം സായ് സുദർശനും ദേവദത്ത് പടിക്കലും ഒരുമിച്ച അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 178 റൺസ് ചേർത്തു കഴിഞ്ഞു. സായ് സുദർശൻ 96 റൺസോടെയും ദേവദത്ത് 80 റൺസോടെയും ക്രീസിൽ.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 107 റൺസിന് അവസാനിച്ച ശേഷം ഓസ്ട്രേലിയക്കെതിരേ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യൻ ബൗളർമാർ ആതിഥേയരെ 195 റൺസിന് ഓൾഔട്ടാക്കിയിരുന്നു.

46 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ മുകേഷ് കുമാറാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. മൂന്ന് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ ഉറച്ച പിന്തുണ നൽകി. ശേഷിച്ച ഒരു വിക്കറ്റ് സീനിയർ ടെസ്റ്റ് ടീമിലെത്തിയ നിതീഷ് കുമാർ റെഡ്ഡിക്ക്.

Mukesh Kumar
മുകേഷ് കുമാർ

ഓസ്ട്രേലിയൻ നിരയിൽ ആർക്കും അർധ സെഞ്ചുറി നേടാനായില്ല. അവരുടെ സീനിയർ ടീമിലെ ഓപ്പണിങ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെടുന്ന സാം കോൺസ്റ്റാസ് (0), മാർക്കസ് ഹാരിസ് (17), കാമറൂൺ ബാൻക്രോഫ്റ്റ് (0) എന്നിവരെല്ലാം പരാജയമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com