

ആര‍്യവീർ സെവാഗ്
മസ്കറ്റ്: നേപ്പാളിനെതിരായ അണ്ടർ 19 ഏഷ‍്യ കപ്പ് മത്സരത്തിൽ ഇന്ത‍്യയ്ക്ക് 10 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 42.3 ഓവറിൽ ഉയർത്തിയ 129 റൺസ് വിജയലക്ഷ‍്യം 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത‍്യ മറികടന്നു. മുൻ ഇന്ത‍്യൻ താരം വീരേന്ദർ സെവാഗിന്‍റെ മകന്‍ ആര‍്യവീർ സെവാഗിന്‍റെ തകർപ്പൻ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
52 പന്തുകൾ നേരിട്ട താരം 134.61 സ്ട്രൈക്ക് റേറ്റിൽ 7 ബൗണ്ടറിയും 4 സിക്സും അടക്കം 70 റൺസ് നേടി പുറത്താകാതെ നിന്നു. ആര‍്യവീറിനു പുറമെ മറുവശത്ത് ഓപ്പണറായി ഇറങ്ങിയ ക‍്യാപ്റ്റൻ ലക്ഷ‍്യ രായ്‌ചന്ദനിയും (63 പന്തിൽ 53 റൺസ് നോട്ടൗട്ട്) അർധസെഞ്ചുറി നേടി. നേരത്തെ ഓസ്ട്രേലിയക്കെതിരേ നടന്ന അണ്ടർ 19 മത്സരത്തിലും ആര‍്യവീർ സെവാഗ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ചിരുന്നു.
അതേസമയം, മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത നേപ്പാളിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർജുൻ രാജ്പുതും ഇഷാൻ സൂദുമാണ് തകർത്തത്. നേപ്പാളിനു വേണ്ടി ധർഷ് സോനാർ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓപ്പണിങ് ബാറ്റർ നിരാജ് കുമാർ യാദവ് (20), ആശിഷ് ലുഹാർ (29), എന്നിവർ കുഴപ്പമില്ലാത്ത സംഭാവനകൾ നൽകിയെങ്കിലും ഇന്ത‍്യൻ ബൗളിങ് ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.