99 റൺസുമായി ധ്രുവ് ജുറൽ, തകർപ്പൻ പ്രകടനം പുറത്തെടുത്ത് മലയാളി താരം; ന‍്യൂസിലൻഡ് എ ടീമിനെതിരേ ഇന്ത‍്യ എയ്ക്ക് ഭേദപ്പെട്ട സ്കോർ

മത്സരത്തിലെ ആദ‍്യ ദിനം പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ് ഇന്ത‍്യ
India A vs New Zeland A 2nd unofficial test match updates

ധ്രുവ് ജുറൽ

Updated on: 

ക്രൈസ്റ്റ് ചർച്ച്: ന‍്യൂസിലൻഡ് എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനം പൂർത്തിയായപ്പോൾ ഇന്ത‍്യ ഭേദപ്പെട്ട നിലയിൽ. 88 ഓവർ ബാറ്റ് ചെയ്ത ഇന്ത‍്യ 7 വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ്. ക‍്യാപ്റ്റൻ ധ്രുവ് ജുറൽ (99 നോട്ടൗട്ട്), മലയാളി താരം ദേവ്ദത്ത് പടിക്കൽ‌ (80), സായ് സുദർശൻ (41) എന്നിവരുടെ പ്രകടനത്തിന്‍റെ ബലത്തിലാണ് ഇന്ത‍്യ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്.

പുറത്താകാതെ ധ്രുവ് ജുറലും മറുവശത്ത് 25 റൺസുമായി ആകാശ് ദീപുമാണ് ക്രീസിൽ. ന‍്യൂസിലൻഡ് എ ടീമിനു വേണ്ടി ഫ്രേസർ ഷീറ്റ് നാലും ബ്രെറ്റ് റാൻഡൽ, ജാരോഡ് മക്കെയി, ജെയ്ഡൻ ലെന്നോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ‍്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്‌സ്വാൾ ഡക്കായി മടങ്ങി.

പിന്നാലെയെത്തിയ ദേവ്ദത്ത്, സായ് സുദർശനൊപ്പം ചേർന്ന് കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോർ ഉയർന്നു. പിന്നീട് ടീം സ്കോർ 91ൽനിൽക്കെയാണ് സായ് സുദർശന്‍റെ വിക്കറ്റ് നഷ്ടമാകുന്നത്. രഞ്ജി താരം യഷ് റാത്തോഡിന് ഇത്തവണ തിളങ്ങാനായില്ല. 22 പന്തുകൾ നേരിട്ടുവെങ്കിലും രണ്ട് ബൗണ്ടറി സഹിതം 13 റൺസെടുത്ത് പിടിച്ചുനിൽക്കാനാവാതെ കളംവിട്ടു. കഴിഞ്ഞ മത്സരത്തിൽ രണ്ടിന്നിങ്സിലും മികച്ച പ്രകടനം നടത്തി ശ്രദ്ധേയനായിരുന്നു യഷ്. തൊട്ടടുത്ത് തന്നെ ഫ്രേസർ ഷീറ്റ് ദേവ്ദത്ത് പടിക്കലിന്‍റെ വിക്കറ്റെടുത്തതോടെ ഇന്ത‍്യ പ്രതിരോധത്തിലായി.

രവിചന്ദ്രൻ സ്മരൺ (0) , വാഷിങ്ടൺ സുന്ദർ (8) എന്നിവർ നിരാശപ്പെടുത്തി. മാനവ് സുതാർ 46 പന്തിൽ 22 റൺസെടുത്തു. ജുറലിനൊപ്പം ഏഴാം വിക്കറ്റിൽ 50 റൺസ് സഖ‍്യമുണ്ടാക്കിയ ശേഷമാണ് സുതാർ പുറത്തായത്. എട്ടാം വിക്കറ്റിൽ ആകാശ് ദീപിനൊപ്പം ജുറൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് ടീം സ്കോർ 291 റൺസിലെത്തിയത്.