ബവുമ ഗോൾഡൻ ഡക്ക്; ദക്ഷിണാഫ്രിക്ക എ ടീമിനെ എറിഞ്ഞിട്ട് ഇന്ത‍്യ, മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടം

ഇന്ത‍്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും കുൽദീപ് യാദവ് ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി
india a vs south africa a 2nd test match updates

ടെംബ ബവുമ

Updated on

ബംഗളൂരു: ഇന്ത‍്യ എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ ടീം 221 റൺസിന് പുറത്തായി. ഇന്ത‍്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും കുൽദീപ് യാദവ് ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് 1 വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റർ അഭിമന‍്യു ഈശ്വരന്‍റെ (0) വിക്കറ്റാണ് ടീമിനു നഷ്ടമായത്. കെ.എൽ. രാഹുലും സായ് സുദർശനുമാണ് ക്രീസിൽ.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 255 റൺസ് മറികടക്കാൻ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക‍്യാപ്റ്റൻ മാർക്വസ് ആക്കർമാൻ മാത്രമാണ് തിളങ്ങിയത്. 118 പന്തിൽ നിന്നും 17 ബൗണ്ടറിയും 5 സിക്സും അടക്കം 134 റൺസാണ് താരം അടിച്ചു കൂട്ടിയത്. അതേസമയം, ദക്ഷിണാഫ്രിക്ക സീനിയർ ടീം ക‍്യാപ്റ്റൻ ടെംബ ബവുമ (0) നിരാശപ്പെടുത്തി. താരത്തിന് ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല. ആകാശ് ദീപിനായിരുന്നു വിക്കറ്റ്.

മാർക്കസിനു പുറമെ മറ്റു താരങ്ങൾക്ക് ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണിങ് ബാറ്റർ ജോർദാൻ ഹെർമാൻ (26), പ്രെണേളൻ സുബ്രായേൻ (20) എന്നിവർക്കു മാത്രമാണ് ദക്ഷിണാഫ്രിക്കൻ‌ ബാറ്റിങ് നിരയിൽ രണ്ടക്കം കടക്കാനായത്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യക്കു വേണ്ടി ധ്രുവ് ജുറലിന്‍റെ തിളക്കമാർന്ന പ്രകടനമാണ് ടീമിനു കരുത്തേകിയത്. 175 പന്തിൽ 12 ഫോറും നാലു സിക്സും സഹിതം 132 റൺസെടുത്ത ജുറൽ പുറത്താകാതെ നിന്നു.

ഓപ്പണിങ് ബാറ്റർമാരായ കെ.എൽ. രാഹുൽ (19), അഭിമന‍്യു ഈശ്വരൻ (0) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട സായ് സുദർശൻ (17), ദേവ്ദത്ത് പടിക്കൽ (5) എന്നിവർക്കും തിളങ്ങാനായില്ല. ‌24 റൺസെടുത്ത ക‍്യാപ്റ്റൻ ഋഷഭ് പന്ത് പുറത്തായ ശേഷമാണ് ആറാം നമ്പർ ബാറ്റർ ധ്രുവ് ജുറൽ അർധ സെഞ്ചുറി പിന്നിടുന്നത്. സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ കുൽദീപ് യാദവിന്‍റെയും (20) മുഹമ്മദ് സിറാജിന്‍റെയും (15) പിന്തുണയും കിട്ടി.

ഇതോടെ, ഋഷഭ് പന്ത് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തുമ്പോഴും ജുറലിന് ടെസ്റ്റ് ടീമിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കാനുള്ള സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. ആറാം നമ്പറിൽ ഒഴിവുള്ള പൊസിഷനിൽ ഒരു ഓൾറൗണ്ടർക്കു പകരം ജുറലിനെ ഉൾപ്പെടുത്തുന്നത് പരിഗണിച്ചേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com