

ഋഷഭ് പന്ത്
ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യ എയ്ക്ക് ബാറ്റിങ് തകർച്ച. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലാണ് ടീം. ഓപ്പണിങ് ബാറ്റർമാരായ കെ.എൽ. രാഹുൽ (19), അഭിമന‍്യു ഈശ്വരൻ (0), സായ് സുദർശൻ (17), ദേവ്ദത്ത് പടിക്കൽ (5) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.
23 റൺസുമായി ക‍്യാപ്റ്റൻ ഋഷഭ് പന്തും 19 റൺസുമായി ധ്രുവ് ജുറലുമാണ് ക്രീസിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.
റൺസ് ഒന്നും നേടാൻ സാധിക്കാതെ അഭിമന‍്യു ഈശ്വരന്‍റെ വിക്കറ്റാണ് ടീമിന് ആദ‍്യം നഷ്ടമായത്. ഇതിനു പിന്നാലെ സായ് സുദർശനും കെ.എൽ. രാഹുലും ചേർന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ടിയാൻ വാൻ വൂറൻ രാഹുലിനെ പുറത്താക്കി.
പിന്നീട് സായ് സുദർശനെ പ്രനെലാൻ സുബ്രായനും ദേവ്ദത്ത് പടിക്കലിനെ ടിയാനും വീഴ്ത്തിയതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 59 റൺസെന്ന നിലയിലായി ടീം. തുടർന്ന് ഋഷഭ് പന്ത്- ധ്രുവ് ജുറൽ സഖ‍്യമാണ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റിയത്.