അടിക്ക് തിരിച്ചടി; ഇന്ത‍്യ എ ടീമിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം

91 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ ജോർദാൻ‌ ഹെർമാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ
india a vs south africa a 2nd unofficial test match updates

ടീം ദക്ഷിണാഫ്രിക്ക

Updated on

ബംഗളൂരു: ഇന്ത‍്യ എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക എയ്ക്ക് ജയം. ഇന്ത‍്യ ഉയർത്തിയ 417 റൺസ് വിജയലക്ഷ‍്യം ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ പരമ്പര 1-1ന് സമനിലയിൽ കലാശിച്ചു. 91 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ ജോർദാൻ‌ ഹെർമാനാണ് ടീമിന്‍റെ ടോപ് സ്കോറർ.

ജോർദാനു പുറമെ ലെസേഗോ സെനെക്വാനെ (77), സുബൈർ ഹംസ (77), കോണർ എസ്റ്റെർഹുയിസെൻ (52) എന്നിവർ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഇന്ത‍്യക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ടും ആകാശ് ദീപ്, ഹർഷ് ദുബെ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത‍്യ എ ഉയർത്തിയ 417 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസ് അടിച്ചെടുത്തിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 382/7 എന്ന സ്കോറിൽ ഇന്ത്യ എ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെയാണ് സന്ദർശകർക്ക് 417 റൺസ് വിജയലക്ഷ്യമായത്. ധ്രുവ് ജുറലിന്‍റെ രണ്ടാം സെഞ്ചുറിയാണ് കളിയിൽ ഇന്ത്യ എയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. 127 റൺസുമായി പുറത്താകാതെ നിന്ന ജുറൽ 15 ഫോറും ഒരു സിക്സും പറത്തി. മൂന്നാം ദിനം ഇന്ത്യ എയുടെ തുടക്കം നന്നായിരുന്നില്ല. കെ.എൽ. രാഹുലും (27) കുൽദീപ് യാദവും (16) തലേ ദിവസത്തെ സ്കോറിൽ അധികം റൺസ് ചേർക്കാതെ മടങ്ങി. ഒരു ഘട്ടത്തിൽ അഞ്ചിന് 116 എന്ന നിലയിലായിരുന്നു ഇന്ത്യ എ.

എന്നാൽ ആറാം വിക്കറ്റിൽ ഹർഷ് ദുബെയെ (84) കൂട്ടുപിടിച്ച ജുറൽ ഇന്ത്യ എയെ കരകയറ്റി. ഈ സഖ്യം 184 റൺസ് വാരി. ഒന്നാം ഇന്നിങ്സിൽ പുറത്താകാതെ 132 റൺസ് നേടിയ ജുറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനത്തിനുള്ള അവകാശവാദം കൂടുതൽ ബലപ്പെടുത്തുന്ന പ്രകടനമാണു വീണ്ടും പുറത്തെടുത്തത്. പഴുതടച്ച ബാറ്റിങ് കാഴ്ചവച്ച ജുറൽ എതിർ ബൗളർമാർക്ക് യാതൊരു പഴുതും നൽകിയില്ല. മികച്ച ടൈമിങ് കാത്തുസൂക്ഷിച്ച ജുറൽ കട്ടുകളും ഡ്രൈവുകളും യഥേഷ്ടം കളിച്ചു. ക്യാപ്റ്റൻ ഋഷഭ് പന്തും ഉശിരൻ ബാറ്റിങ് കാഴ്ചവച്ചു. അഞ്ചു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 54 പന്തിൽ 65 റൺസ് താരം ടീം സ്കോറിൽ സംഭാവന ചെയ്തു. ദക്ഷിണാഫ്രിക്ക എയുടെ ഒക്ലുഹെ സെലെ മൂന്നു വിക്കറ്റ് പിഴുതു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com