

ശ്രീലങ്ക എ ടീമിനെതിരേ ഇന്ത്യ എ ടീം ഓപ്പണർ ബി. സായ് സുദർശൻ ബാറ്റ് ചെയ്യുന്നു.
ഗാലെ: ശ്രീലങ്ക എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീം ശക്തമായ നിലയിൽ. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ സന്ദർശകർ നാല് വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ബി. സായ് സുദർശൻ നേടിയ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. 175 പന്ത് നേരിട്ട സുദർശൻ 19 ഫോർ ഉൾപ്പെടെ 132 റൺസെടുത്തു പുറത്തായി.
ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റൻ ധ്രുവ് ജുറെൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആയുഷ് പാണ്ഡെ (25) ഓപ്പണിങ് വിക്കറ്റിൽ സുദർശനൊപ്പം 82 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിലെത്തിയെങ്കിലും 12 റൺസ് മാത്രമാണ് നേടിയത്.
53 പന്ത് നേരിട്ട ഋതുരാജ് ഗെയ്ക്ക്വാദ് 22 റൺസാണെടുത്തത്. എന്നാൽ, മറുവശത്ത് സായ് സുദർശൻ താളം കണ്ടെത്തിയിരുന്നു. മാത്രമല്ല, തുടർന്ന് ബാറ്റ് ചെയ്യാനെത്തിയ ജുറെലും യുവതാരം ഷെയ്ഖ് റഷീദും അർധ സെഞ്ചുറികളും നേടി. അഞ്ചാം വിക്കറ്റിൽ ഇവർ സെഞ്ചുറി കൂട്ടുകെട്ടും സൃഷ്ടിച്ചു കഴിഞ്ഞു. കളി അവസാനിപ്പിക്കുമ്പോൾ ജുറെൽ 68 റൺസോടെയും റഷീദ് 53 റൺസോടെയും ക്രീസിലുണ്ട്.