

ശ്രീലങ്ക എ ടീമിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യ എ ടീം ക്യാപ്റ്റൻ ധ്രുവ് ജുറെൽ.
ഗാലെ: ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ എ ഒന്നാം ഇന്നിങ്സ് 452/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെ സെഞ്ചുറിയാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ആദ്യ ദിവസം ഓപ്പണർ ബി. സായ് സുദർശൻ 132 റൺസെടുത്തിരുന്നു.
333/4 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഷെയ്ഖ് റഷീദ് (63), ഹർഷ് ദുബെ (30) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ജുറെൽ 215 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 141 റൺസെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കു വേണ്ടി ചമിക ഗുണശേഖര മൂന്ന് വിക്കറ്റും ദിലും സുദീര രണ്ട് വിക്കറ്റും നേടി. രവീന്ദു ഫെർണാണ്ടോയ്ക്ക് ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക എ ടീം രണ്ടാം ദിനം കളി അവാസനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എടുത്തിട്ടുണ്ട്. നുവാനിദു ഫെർണാണ്ടോയും (65) ആഷൻ ബന്ദാരയും (18) ക്രീസിൽ. അൻഷുൽ കാംഭോജ്, യഷ് ഠാക്കൂർ എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് നേടി.