

നിക്കി പ്രസാദ്.
മൊഹാലി: അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ എ വനിതാ ടീമിനെതിരേ ഇന്ത്യ എ വനിതകൾക്ക് 281 റൺസിന്‍റെ ഉജ്ജ്വല വിജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓൾറൗണ്ട് പ്രകടനത്തിലൂടെ തിളങ്ങിയ നിക്കി പ്രസാദും ഒമ്പത് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയുമാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാം ഇന്നിങ്സിൽ 364 റൺസ് നേടി. 92 റൺസെടുത്ത തനിഷ സിങ്ങാമ് ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ വൈഷ്ണവി ശർമയുടെ തകർപ്പൻ ബൗളിങ്ങിന്‍റെ മികവിൽ (6/52) വെറും 176 റൺസിന് പുറത്താക്കി ഇന്ത്യ ലീഡ് നേടി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ 257 റൺസ് കൂടി നേടിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നിൽ 446 റൺസിന്‍റെ വലിയ വിജയലക്ഷ്യമാണ് വെച്ചത്.
ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ എ ടീം തുടക്കത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു.
ക്യാപ്റ്റൻ റേച്ചൽ ട്രെനാമാൻ (26), ടെസ് ഫ്ലിന്‍റോഫ് (58) എന്നിവർക്കു മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചത്.
രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തുകയും (5/50), ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടുകയും ചെയ്ത നിക്കി പ്രസാദ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലാകെ 9 വിക്കറ്റുകൾ വീഴ്ത്തിയ വൈഷ്ണവി ശർമയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.