ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ
അർധ സെഞ്ചുറിക്കു ശേഷം രോഹിത് ശർമ

ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ

രണ്ടു സെമി ഫൈനൽ മത്സരങ്ങളും വ്യാഴാഴ്ച. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും; രണ്ടാം മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും.

കിങ്സ്‌ടൗൺ: ട്വന്‍റി20 ലോകകപ്പിലെ അവസാന സൂപ്പർ 8 മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചതോടെ സെമി ഫൈനൽ ലൈനപ്പ് പൂർണമായി. രണ്ടു സെമി ഫൈനൽ മത്സരങ്ങളും വ്യാഴാഴ്ച നടക്കും. ഇന്ത്യൻ സമയം രാവിലെ ആറിന് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. വൈകിട്ട് എട്ടിന് ആരംഭിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

ഓസ്ട്രേലിയയെ 24 റൺസിനു തോൽപ്പിച്ചതോടെ മൂന്നു ജയങ്ങളുമായി ഇന്ത്യ അനായാസം സെമി ഫൈനൽ ഉറപ്പാക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് സൂപ്പർ എയ്റ്റിലെ മുൻ മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇതോടെ ഓസ്ട്രേലിയയുടെ സെമി പ്രവേശനം അഫ്ഗാനിസ്ഥാൻ - ബംഗ്ലാദേശ് മത്സരഫലത്തെ ആശ്രയിച്ചായി. പലവട്ടം മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഏതു ഫോർമാറ്റിലെയും സീനിയർ ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ കടക്കുന്നത് ഇതാദ്യമാണ്.

രോഹിത് പവർ

ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ
രോഹിത് ശർമയുടെ ഒരു ഏരിയൽ ഷോട്ട്

ഈ ലോകകപ്പിൽ ആദ്യമായി 'ഐപിഎൽ' ഇന്നിങ്സ് കളിച്ച രോഹിത് ശർമ ഏറെക്കുറെ ഒറ്റയ്ക്കാണ് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതെന്നു പറയാം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ വിരാട് കോലിയുടെ (0) വിക്കറ്റ് നഷ്ടമായി. എന്നാൽ, അഞ്ചോവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 52 റൺസുണ്ടായിരുന്നു. അതിൽ 50 റൺസും നേടിയത് രോഹിത് ശർമ. 19 പന്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ അർധ സെഞ്ചുറി തികച്ചത്. മിച്ചൽ സ്റ്റാർക്കിന്‍റെ ഒറ്റ ഓവറിൽ നേടിയ 29 റൺസും ഇതിൽ ഉൾപ്പെടുന്നു. മാർക്കസ് സ്റ്റോയ്നിസിന്‍റെ ഓവറിൽ നേടിയ സിക്സറുകൾ രോഹിതിന്‍റെ ക്ലാസ് പ്രകടമാക്കുന്ന ഷോട്ടുകളായിരുന്നു.

41 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതം 92 റൺസെടുത്ത രോഹിത് പന്ത്രണ്ടാം ഓവറിലാണ് പുറത്തായത്. പിന്നീട് വന്ന ഇന്ത്യൻ ബാറ്റർമാർ ആരും വലിയ ഇന്നിങ്സ് കളിച്ചില്ലെങ്കിലും ചെറിയ സംഭാവനകളിലൂടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 വരെയെത്തിച്ചു.

സൂര്യകുമാർ യാദവിന്‍റേതാണ് (16 പന്തിൽ 31) ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. ശിവം ദുബെ 22 പന്തിൽ 28 റൺസും ഹാർദിക് പാണ്ഡ്യ 17 പന്തിൽ 27 റൺസും നേടി.

ഓസ്ട്രേലിയൻ തിരിച്ചടി

ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ
ട്രാവിസ് ഹെഡിന്‍റെ ബാറ്റിങ്

ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങും ഇന്ത്യൻ ഇന്നിങ്സിനു സമാനമായിരുന്നു. ആറ് റൺസെടുത്ത ഡേവിഡ് വാർനറെ നഷ്ടമായ ശേഷം ട്രാവിസ് ഹെഡും (43 പന്തിൽ 76) ക്യാപ്റ്റൻ മിച്ചൽ മാർഷും (28 പന്തിൽ 37) ചേർന്ന് സ്കോർ ഒമ്പത് ഓവറിൽ 87 വരെയെത്തിച്ചു. എന്നാൽ, ഇവർക്കു ശേഷം ഗ്ലെൻ മാക്സ്വെല്ലിനെ (12 പന്തിൽ 20) കൂടി നഷ്ടമായതോടെ ഓസ്ട്രേലിയൻ റൺ ചേസിന്‍റെ ഊർജം നഷ്ടപ്പെട്ടു. അപകടകരമായി മുന്നേറുകയായിരുന്ന മാക്സിയെ കുൽദീപ് യാദവ് ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു.

നാലോവറിൽ 37 റൺസ് വഴങ്ങിയെങ്കിലും, വാർനറുടെയും ടിം ഡേവിഡിന്‍റെയും മാത്യു വെയ്ഡിന്‍റെയും നിർണായക വിക്കറ്റുകൾ നേടിയ അർഷ്‌ദീപ് സിങ് ഒരിക്കൽക്കൂടി ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നൽകി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടയത്തിൽ 181 റൺസെടുക്കാനേ ഓസ്ട്രേലിയക്കു സാധിച്ചുള്ളൂ.

അഫ്ഗാൻ - ബംഗ്ലാ ത്രില്ലർ

ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ
ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹക്കും സഹതാരങ്ങളും.

ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺ സ്വരുക്കൂട്ടിയ ഓപ്പണിങ് ജോടിയായ റഹ്മാനുള്ള ഗുർബാസിനെയും ഇബ്രാഹിം സദ്രാനെയും കടിഞ്ഞാണിട്ടു നിർത്തിയ ബംഗ്ലാദേശ് പ്രതീക്ഷ നൽകിയത് ഓസ്ട്രേലിയക്കു കൂടിയായിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രമാണു നഷ്ടമായതെങ്കിലും അഫ്ഗാനിസ്ഥാനു നേടാൻ സാധിച്ചത് വെറും 115 റൺസ്. 55 പന്തിൽ 43 റൺസെടുത്ത ഗുർബാസാണ് ടോപ് സ്കോറർ. ഗുർബാസുമൊത്ത് ഒരു അർധ സെഞ്ചുറി കൂട്ടുകെട്ട് കൂടി പടുത്ത ശേഷമാണ് സദ്രാൻ (29 പന്തിൽ 18) മടങ്ങിയത്. എന്നാൽ, 10.4 ഓവറിൽ സദ്രാൻ പുറത്താകുമ്പോൾ അഫ്ഗാന്‍റെ സ്കോർ ബോർഡിൽ 59 റൺസ് മാത്രം. ഏഴാം നമ്പറിലിറങ്ങി 10 പന്തിൽ മൂന്നു സിക്സർ ഉൾപ്പെടെ 19 റൺസെടുത്ത ക്യാപ്റ്റൻ റഷീദ് ഖാനാണ് അഫ്ഗാനെ നൂറു കടത്തിയത്.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനു വേണ്ടി ഓപ്പണർ ലിറ്റൺ ദാസ് മികച്ച ഫോമിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 49 പന്തിൽ 54 റൺസുമായി ദാസ് പുറത്താകാതെ നിൽക്കുമ്പോഴാണ് ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിന് ഓൾഔട്ടാകുന്നത്. നാല് വിക്കറ്റ് വീതം നേടിയ പേസ് ബൗളർ നവീൻ ഉൽ ഹക്കും ക്യാപ്റ്റൻ റഷീദ് ഖാനും ബംഗ്ലാദേശിന്‍റെ പതനം വേഗത്തിലാക്കി.

ഇതിനിടെ പലവട്ടം മഴയെത്തിയതു കാരണം വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി പുനർനിർണയിച്ചിരുന്നു.

പരുക്ക് അഭിനയം?

ഓസ്ട്രേലിയ പുറത്ത്; ഇന്ത്യയും അഫ്ഗാനും സെമിയിൽ
മത്സരശേഷം ഗുൽബാദിൻ നൈബിന്‍റെ ആഹ്ളാദ പ്രകടനം.

ബംഗ്ലാദേശ് മഴ നിയമത്തിൽ പിന്നിലാണെന്ന് ഉറപ്പായ ഘട്ടത്തിൽ അഫ്ഗാൻ ഓൾറൗണ്ടർ ഗുൽബാദിൻ നൈബ് പരുക്ക് അഭിനയിച്ചെന്ന സംശയവും ഇതിനിടെ ഉയർന്നു. അഫ്ഗാൻ കോച്ച് ജൊനാഥൻ ട്രോട്ട് കളി പരമാവധി വൈകിക്കാൻ പവലിയനിൽനിന്ന് ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ ചാനൽ ക്യാമറകൾ പകർത്തിയെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.