

രവീന്ദ്ര ജഡേജ
ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന ടീമിൽ 'ബാരമുള്ള എക്സ്പ്രസ്' ആക്വിബ് നബിയും നമാൻ ധിറുമാണ് ഇടംപിടിച്ച പുതുമുഖങ്ങൾ.
സീനിയർ താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർക്കൊപ്പം മുഹമ്മദ് സിറാജ് ഇന്ത‍്യയുടെ ബൗളിങ് നിര കൈകാര‍്യം ചെയ്യും.
ആക്വിബ് നബി
ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ സെഞ്ചുറി നേടിയതോടെ സ്റ്റാർ ബാറ്റർ രോഹിത് ശർമ ടീമിൽ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചു. സീനിയർ താരം വിരാട് കോലിയും ടീമിലുണ്ട്. യുവതാരം യശസ്വി ജയ്സ്വാളിനെ റിസർവ് താരമായി തെരഞ്ഞെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യർ ഏഷ‍്യൻ ഗെയിംസിൽ കളിക്കുന്നതിനാൽ പകരം നാലാം നമ്പറിൽ ഋതുരാജ് ഗെയ്ക്‌വാദ് കളിക്കും.
ഏഷ‍്യൻ ഗെയിംസിനുള്ള ടീമിൽ നിന്നും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഒഴിവാക്കി വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിൽ നിന്നും ഫിറ്റ്നസ് ക്ലീയറൻസ് ലഭിക്കാത്തതിനാൽ ഹാർദിക് പാണ്ഡ‍്യയെ ടീമിലെടുത്തിട്ടില്ല. കെ.എൽ. രാഹുലിനു പുറമെ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെയാണ് പരിഗണിച്ചിരിക്കുന്നത്. ഇതോടെ ഋഷഭ് പന്തിന് അവസരം നഷ്ടമായി.
നമാൻ ധിർ
അതേസമയം, ടി20 പരമ്പരയ്ക്കുള്ള ടീമിൽ പ്രിൻസ് യാദവ്, മായങ്ക് യാദവ് അടക്കമുള്ളവരെ ടീമിലെടുത്തപ്പോൾ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഹർഷിത് റാണയ്ക്ക് പകരം ഏഷ‍്യൻ ഗെയിംസ് ടീമിൽ ഇടംപിടിച്ച യാഷ് ഠാക്കൂറിനും വിശ്രമം നൽകി.
അടുത്തിടെ അഫ്ഗാനിസ്ഥാനെതിരേ നടന്ന ടി20 പരമ്പരയിൽ ടീമിലില്ലാതിരുന്ന കുൽദീപ് യാദവിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ, വൈഭവ് സൂര‍്യവംശി, അഭിഷേക് ശർമ അടക്കമുള്ള താരങ്ങളാണ് വെസ്റ്റ് ഇൻഡീസിനെതിരേ ടി20 പരമ്പര കളിക്കുന്ന ടീമിൽ ഇടം നേടിയിരിക്കുന്നത്. ഏകദിന പരമ്പര സെപ്റ്റംബർ 27നും ടി20 പരമ്പര ഒക്റ്റോബർ 6നും ആരംഭിക്കും
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ വൈസ് ക‍്യാപ്റ്റൻ, ധ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആക്വിബ് നബി, യശസ്വി ജയ്സ്വാൾ, നമാൻ ധിർ
ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശ്രേയസ് അയ്യർ (ക‍്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര‍്യവംശി, ഇഷാൻ കിഷാൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക‍്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്