

ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ ശുഭ്മൻ ഗില്ലും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ശ്രേയസ് അയ്യരും ഇന്ത്യയെ നയിക്കും. ഗില്ലിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി.
രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ഗിൽ നയിക്കും. ടെസ്റ്റ്, ടി20 ഫോർമാറ്റിൽ നിന്നും വിരമിച്ച സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവരെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ പേസർ ആകാശ് ദീപിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ടീമിലേക്കെടുത്തു. ഏകദിന ടീമിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ രണ്ട് ടെസ്റ്റ് മത്സരവും താരം കളിക്കും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമിലില്ല. ടെസ്റ്റിൽ ഋഷഭ് പന്തും ധ്രുവ് ജുറലുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. എന്നാൽ കായികക്ഷമത തെളിയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പന്തിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത്.
പേസർ അൻഷുൾ കാംബോജിനെ ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിലേക്ക് എടുത്തിട്ടുണ്ട്. കായികക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും പ്രസിദ്ധ് കൃഷ്ണയെ 3 ഏകദിന മത്സരങ്ങളിൽ കളിപ്പിക്കുന്നത്. ഏകദിന പരമ്പര നവംബർ നാലിനും ടെസ്റ്റ് പരമ്പര നവംബർ 19നും ആരംഭിക്കും.
ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധിർ, അൻഷുൽ കാംബോജ്, ഗുർനുർ ബ്രാർ, ഋതുരാജ് ഗെയ്ക്വാദ്, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്
ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ഏകദിന ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, തിലക് വർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധിർ, ആക്വിബ് നബി, ഗുർനുർ ബ്രാർ, ഋതുരാജ് ഗെയ്ക്വാദ്, അർഷ്ദീപ് സിങ്, കുമാർ കുഷാഗ്ര, മുഹമ്മദ് സിറാജ്, യാഷ് ഠാക്കൂർ, കുൽദീപ് യാദവ്
ഇന്ത്യയുടെ ടെസ്റ്റ് ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൾ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്