
കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റൺസിൻ്റെ ഉജ്ജ്വല ജയം. 357 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 32 ഓവറിൽ 128 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. രണ്ടു പേർക്കു പരുക്കേറ്റതിനാൽ (ഹാരിസ് റൗഫ്, നസീം ഷാ) എട്ട് വിക്കറ്റ് നഷ്ടമായപ്പോൾ തന്നെ പാകിസ്ഥാന്റെ ഇന്നിങ്സ് അവസാനിച്ചു.
കുൽദീപിൻ്റെ 5 വിക്കറ്റ് ബൗളിങ് പ്രകടനം ഇന്ത്യയുടെ മികച്ച വിജയത്തിന് മുതൽക്കൂട്ടായി. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ ഒന്നാം സ്ഥാനക്കാരായി.
മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഒമ്പത് റണ്‍സെടുത്ത ഇമാമുള്‍ ഹഖിനെയും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും നഷ്ടമായതിനു ശേഷം പാകിസ്ഥാന് തിരിച്ചുവരാനായില്ല. 27 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാകിസ്ഥാൻ്റെ ടോപ്സ്കോറർ. 2 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനെയും പാകിസ്ഥാന് പെട്ടെന്ന് നഷ്ടമായി.
സൽമാൻ അലി ആഘയും (23) ഇഫ്തിഖർ അഹമ്മദും (23) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മത്സരം ചൂട് പിടിക്കുമ്പോഴേക്കും പാകിസ്ഥാൻ്റെ മധ്യനിര ഇന്ത്യയ്ക്ക് മുൻപിൽ അടിയറവ് പറഞ്ഞിരുന്നു. ഷദാബ് ഖാൻ (6), ഫഹീം അഷ്റഫ് (4), ഷഹീൻ അഫ്രീദി (7 ) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
ഇന്ത്യയ്ക്കായി കുൽദീപ് 5 വിക്കറ്റും, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ. ശാർദൂൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ഞായറാഴ്ച ആരംഭിച്ച മത്സരം മഴ കാരണം തടസപ്പെട്ടതോടെ റിസര്‍വ് ദിവസമായ തിങ്കളാഴ്ചത്തേക്കു നീട്ടുകയായിരുന്നു. തലേന്നത്തെ സ്കോറായ, 24.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചു. 16 പന്തില്‍ എട്ടു റണ്‍സുമായി കോലിയും, 28 പന്തില്‍ 17 റണ്‍സുമായി രാഹുലുമായിരുന്നു തുടക്കത്തിലേ ക്രീസില്‍. ഈര്‍പ്പമുള്ള പിച്ചില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഇരുവര്‍ക്കും ഭീഷണിയുയര്‍ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. ഹാരിസ് റൗഫിന് പരുക്ക് കാരണം പന്തെറിയാന്‍ സാധിക്കാതിരുന്നതും തിരിച്ചടിയായി. കോലിയെക്കാള്‍ വേഗത്തില്‍ സ്കോര്‍ ചെയ്തുകൊണ്ടിരുന്ന രാഹുലിനെ, അര്‍ധ സെഞ്ചുറിക്കു ശേഷമാണ് കോലി സ്ട്രൈക്ക് റേറ്റില്‍ മറികടക്കുന്നത്.
100 പന്തില്‍ രാഹുല്‍ തന്റെ ആറാം ഏകദിന സെഞ്ചുറി തികച്ചപ്പോള്‍, കോലിക്ക് 84 പന്തു മാത്രമേ 47ാം സെഞ്ചുറിക്കു വേണ്ടിവന്നുള്ളൂ. സച്ചിന് ടെന്‍ഡുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറി എന്ന റെക്കോഡ് രണ്ടു സെഞ്ചുറി മാത്രം അകലെ. ഏറ്റവും കുറവ് ഇന്നിങ്സില്‍ 13,000 ഏകദിന റണ്‍സ് തികച്ചതിന്റെ റെക്കോഡും ഇതിനിടെ കോലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ആകെ 94 പന്തില്‍ ഒമ്പത് ഫോറും മൂന്നു സിക്സും സഹിതം 122 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. രാഹുല്‍ 106 പന്തില്‍ 12 ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 111 റണ്‍സും നേടി. 233 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.