അണ്ടർ-19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യക്ക് മൂന്നാം ജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 118/9. ശ്രീലങ്ക 20 ഓവറിൽ 58/9. ഇന്ത്യൻ ഓപ്പണർ ജി തൃഷ പ്ലെയർ ഓഫ് ദ മാച്ച്
G Trisha
ജി. തൃഷ
Updated on

ക്വലാലംപുർ: മലേഷ്യയിൽ നടക്കുന്ന അണ്ടർ-19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് എ മത്സരത്തിൽ ശ്രീലങ്കയെ അറുപത് റൺസിനു കീഴടക്കി‍യ ഇന്ത്യൻ പെൺകുട്ടികൾ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി.

ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ മാനുദി നനയകര ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. 17 റൺസെടുക്കുന്നതിനിടെ ഐപിഎൽ താരം ജി. കമാലിനിയുടെയും (5) സനിക ചൽക്കെയുടെയും (0) വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ നേരിട്ട ഇന്ത്യക്ക് ഓപ്പണർ ജി. തൃഷയുടെ ഇന്നിങ്സാണ് കരുത്ത് പകർന്നത്.

44 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 49 റൺസാണ് തൃഷ നേടിയത്. തൃഷയെ കൂടാതെ ക്യാപ്റ്റൻ നിക്കി പ്രസാദ് (11), മിഥില വിനോദ് (16), മലയാളി താരം വി.ജെ. ജോഷിത (14) എന്നിവർ മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്.

എന്നാൽ, 20 ഓവറിൽ 118/9 എന്ന ഇന്ത്യൻ സ്കോറിനു മുന്നിൽ ശ്രീലങ്കൻ ബാറ്റർമാർ പതറുന്ന കാഴ്ചയായിരുന്നു പിന്നീട്. ജോഷിതയും ഐപിഎൽ താരം ഷബ്നം ഷക്കീലും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഒരു ലങ്കൻ ബാറ്റർ റണ്ണൗട്ടാകുകയും ചെയ്തതോടെ അവർ 12/5 എന്ന നിലയിൽ തകർന്നു.

പിന്നീട് ഒരു ഘട്ടത്തിലും ലങ്കയ്ക്ക് തിരിച്ചുവരാനുള്ള പഴുത് ഇന്ത്യൻ ബൗളർമാർ നൽകിയതുമില്ല. 15 റൺസെടുത്ത രശ്മിക സെവാൻഡി ഒഴികെ ആർക്കും രണ്ടക്ക സ്കോറും നേടാൻ സാധിച്ചില്ല.

ഇന്ത്യക്കായി ഷബ്നത്തെയും ജോഷിതയെയും കൂടാതെ പരുണിക സിസോദിയയും രണ്ട് വിക്കറ്റ് നേടി. ആയുഷി ശുക്ലയ്ക്കും വൈഷ്ണവി ശർമയ്ക്കും ഓരോ വിക്കറ്റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com