

#അഞ്ജു ബോബി ജോർജ്
ഇന്ത്യൻ കായിക മേഖല ആവേശകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിഭാധനരെന്നും ഭാവി വാഗ്ദാനങ്ങളെന്നും വിശേഷിപ്പിക്കപ്പെടുന്ന കായിക താരങ്ങളുടെ വലിയ നിര എല്ലായ്പ്പോഴും ഇന്ത്യയ്ക്കുണ്ടായിരുന്നു. നിലവിലെ നയങ്ങൾ പരിഷ്കരിക്കുകയും താരങ്ങളുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായ പുതിയ നയങ്ങൾ സ്വീകരിക്കുകയുമായിരുന്നു വേണ്ടിയിരുന്നത്.
താഴേത്തട്ടിലുള്ള പ്രതിഭകളെ തിരിച്ചറിയൽ, കായിക അടിസ്ഥാന സൗകര്യ വികസനം, മികച്ച കായികതാരങ്ങൾക്ക് പിന്തുണ, വനിതകളും ദിവ്യാംഗരും യുവജനങ്ങളും അടക്കമുള്ളവർക്ക് തുല്യ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കൽ തുടങ്ങിയ ചുവടുവയ്പ്പുകളിലൂടെ കായിക മേഖലയെ പരിവർത്തനം ചെയ്യാനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ. രാജ്യത്തിന്റെ വിദൂര കോണുകളിൽ നിന്നുപോലുമുള്ള സ്ത്രീകൾ, ദിവ്യാംഗർ, യുവാക്കൾ തുടങ്ങി എല്ലാ പ്രായക്കാരിലുമുള്ള ഒട്ടേറെ കായിക താരങ്ങളുടെ വിജയഗാഥകളും പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥകളും പ്രധാനമന്ത്രിയുടെ "മൻ കി ബാത്തിലൂടെ' ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
വിപ്ലവകമായ പരിവർത്തനമാണ് ഖേലോ ഇന്ത്യ ഗെയിംസിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാസ്തവത്തിൽ, ഇന്ത്യയുടെ മിനി ഒളിംപിക്സ് ആയി മാറിയിരിക്കുകയാണിത്. യുവ കായികതാരങ്ങൾക്ക് ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നതിന്റെ പ്രോത്സാഹനം ലഭിക്കുക മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ശക്തമായ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പ്രചോദനവും ഇത് നൽകി.
രാജ്യത്ത് പൊതുവായ ഒരു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിലും, ഓരോ കായികതാരത്തെയും അവരുടെ പ്രകടന പുരോഗതി ഉൾപ്പെടെ മനസിലാക്കുന്നതിലും പ്രധാനമന്ത്രി കാണിക്കുന്ന വ്യക്തിപരമായ താത്പര്യം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇദംപ്രഥമമാണ്. ഫൈനൽ മത്സരങ്ങൾക്കുള്ള ഓരോ യാത്രയ്ക്കു മുമ്പും, ഓരോ അന്താരാഷ്ട്ര ടൂർണമെന്റുകൾക്കും കായിക മത്സങ്ങൾക്കും ശേഷവും ഇന്ത്യൻ സംഘവുമായി സംവദിക്കുകയും അവരുടെ വിജയത്തിലും ആത്മാർഥമായ പരിശ്രമത്തിലും അവരെ പ്രചോദിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയെന്നത് പ്രധാനമാണെന്ന് അദ്ദേഹം കരുതുന്നു.
പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്തിൽ' കായിക മത്സരങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്. പണ്ട് കായിക നേട്ടം കൈവരിക്കുന്ന നമ്മുടെ നാട്ടുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാൻ പത്രമെന്ന ഏക മാധ്യമം മാത്രമായിരുന്നു ആശ്രയം. എന്നാൽ ഇപ്പോൾ അവർ രാജ്യാന്തര ടൂർണമെന്റുകൾക്ക് യാത്ര തിരിക്കും മുമ്പു തന്നെ നാം അവരെ ആഘോഷിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിലോ ഒളിംപിക്സിലോ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെയും, ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുക്കുന്ന യുവജനങ്ങളുടെയും പ്രകടനങ്ങളെ കായികരംഗത്തുള്ള രാജ്യത്തിന്റെ നേട്ടങ്ങളായി പ്രഖ്യാപിക്കാനുള്ള വേദിയായി "മൻ കി ബാത്ത് ' മാറിയിരിക്കുന്നു. ഈ ഏപ്രിൽ 30ന് "മൻ കി ബാത്ത് ' സെഞ്ച്വറി തികയ്ക്കുമ്പോൾ, കടന്നുപോയ വർഷങ്ങളിലുടനീളം, അതിന്റെ എല്ലാ പതിപ്പുകളിലും അത്ലറ്റുകൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും, പ്രചോദനമേകാനും, കായിക ഭാവി കെട്ടിപ്പടുക്കാനും "മൻ കി ബാത്ത് ' പ്രചോദനമായി വർത്തിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്.
ഞാൻ ലോക ചാംപ്യൻഷിപ്പിൽ ആദ്യ മെഡൽ നേടിയ അവസരത്തിൽ, മെഡൽ നേടിയ എന്റെ സഹ കായികതാരത്തിന്, അവരുടെ രാജ്യത്തലവനിൽ നിന്ന് ലഭിച്ച ഫോൺ കോൾ സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിയുന്നത് കാണാനിടയായി. എപ്പോഴാണ് എനിക്ക് സമാനമായ ഒരനുഭവമുണ്ടാവുകയെന്ന് ഞാൻ ചിന്തിച്ചു. ആ അർഥത്തിൽ, "മൻ കി ബാത്ത് ' പോലുള്ള സുപ്രധാന വേദിയിൽ ഇന്നത്തെ യുവ കായികതാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് ശരിക്കും ഭാഗ്യമാണ്. അവരുടെ വ്യക്തിഗത താത്പര്യങ്ങൾ പോലും അദ്ദേഹത്തിന് നന്നായി അറിയാം. അവർ മടങ്ങിവരുമ്പോൾ അവർക്ക് ഗംഭീര സ്വീകരണം ഒരുക്കുകയും അഭിനന്ദനം ചൊരിയുകയും ചെയ്യുന്നു. രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവതലമുറ അത് കാണുന്നു.
മെഡലുകൾ നേടുന്നതിലും ഇന്ത്യയെ ആഗോള ഭൂപടത്തിൽ എത്തിക്കുന്നതിലും മാത്രമായി സ്പോർട്സ് അവസാനിക്കുന്നില്ല എന്ന വസ്തുത പ്രധാനമന്ത്രി ആവർത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. ഇത് പ്രാഥമികമായി, നമ്മെ ശാരീരിക ആരോഗ്യമുള്ളവരും, മാനസികമായി ഉണർവുള്ളവരുമാക്കി, കായികക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ വ്യക്തിഗത വികാസം കൂടിയുമാണ് ലക്ഷ്യമിടുന്നത്. സ്പോർട്സിന് മൊത്തത്തിൽ ഒരു രാജ്യത്തിന്റെ വികസനത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ആളുകൾ ക്രിക്കറ്റിനെ മാത്രം പിന്തുടരുന്ന കാലം കഴിഞ്ഞു. ഇന്ന്, എല്ലാ അന്താരാഷ്ട്ര കായിക മത്സരങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തത്തിന് ദേശീയതലത്തിൽ വലിയ അംഗീകാരമുണ്ട്. ബാഡ്മിന്റൺ, ജാവലിൻ ത്രോ, ഹാൻഡ്ബോൾ, ഫെൻസിങ്, മല്ലഖംബ്, കളരിപ്പയറ്റ് തുടങ്ങിയ ഇനങ്ങളായാൽ പോലും ത്രിവർണ പതാക ഉയർത്തുന്ന കായിക താരങ്ങളെ അഭിനന്ദിക്കാൻ ഇന്ന് ലോകമെമ്പാടും ആളുകൾ ഒറ്റക്കെട്ടാണ്.
2020 ഒളിംപിക്സിന് തൊട്ടുമുമ്പ് ടോക്കിയോയിലേക്ക് പോകുന്ന അത്ലറ്റുകളെ #Cheer4India ഹാഷ്ടാഗ് ഉപയോഗിച്ച് പിന്തുണയ്ക്കാൻ പ്രധാനമന്ത്രി "മൻ കി ബാത്ത് ' ശ്രോതാക്കളോട് അഭ്യർഥിച്ചു, അത് ഒരു ക്യാംപെയ്നായി മാറി. അതിലൂടെ വിദ്യാർഥികൾ മുതൽ സെലിബ്രിറ്റികൾ വരെ അത്ലറ്റുകൾക്ക് ആശംസകൾ അറിയിച്ചതിന് നാം സാക്ഷ്യം വഹിച്ചു. നമ്മുടെ കായിക താരങ്ങളുടെ നേട്ടം ആഘോഷിക്കാൻ ഒരു രാജ്യമെന്ന നിലയിൽ നാം വ്യത്യസ്ത വഴികൾ കണ്ടെത്തുന്നത് കാണുന്നത് രസകരമാണ്. കായികരംഗത്തെ ഈ കുതിപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭൂതപൂർവമാണ്, കായികരംഗത്ത് നവോന്മേഷം പകരുന്നതിൽ പ്രധാനമന്ത്രിയോട് എനിക്ക് നന്ദിയുണ്ട്.
അതിന്റെ ഫലങ്ങൾ എല്ലാവർക്കും കാണാനാകും. ടോക്കിയോ ഒളിംപിക്സിൽ 7 മെഡലുകളും പാരാലിംപിക്സിൽ 19 മെഡലുകളും നേടിയ ഇന്ത്യ 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. ബർമിങ്ഹാമിലെ കോമൺവെൽത്ത് ഗെയിംസിൽ 22 സ്വർണമെഡലുകളടക്കം 61 മെഡലുകളോടെ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. അന്താരാഷ്ട്ര തോമസ് കപ്പ് (ബാഡ്മിന്റൺ) ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി, 14 തവണ ലോക ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ടീം ചാംപ്യൻഷിപ്പ് നേടി. ബ്രസീലിൽ നടന്ന ബധിര ഒളിംപിക്സിൽ 16 മെഡലുകളുമായി ഇന്ത്യൻ സംഘം രാജ്യത്തിനായി എക്കാലത്തെയും മികച്ച പ്രകടനം നടത്തി. പുതിയ യുവ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രാജ്യം മുഴുവൻ അവരുടെ വിജയങ്ങൾ ആസ്വദിക്കുന്നു.
"മൻ കി ബാത്ത് ' ഒരു വേദിയെന്ന നിലയിൽ പൗരന്മാരിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ, കായിക വിനോദങ്ങളോടുള്ള ആവേശം വർധിപ്പിച്ചിട്ടുണ്ട്. "മൻ കി ബാത്തിന്റെ' ഒന്നിലധികം എപ്പിസോഡുകളിലൂടെ കായികം അവരുടെ ജീവിതത്തിന്റെ നിർണായക ഭാഗമാക്കാൻ യുവതലമുറയോട് പ്രധാനമന്ത്രി നേരിട്ട് അഭ്യർഥിച്ചു. തന്റെ റേഡിയോ പരിപാടിയിലൂടെ എല്ലാവരുടെയും പ്രയത്നത്തിലൂടെ, കായിക വിനോദത്തെ ഇന്ത്യയുടെ സമഗ്രവികസനത്തിൽ ഒരു പ്രധാന ഘടകമാക്കാനുള്ള ഒരു വികാരം അദ്ദേഹം പകർന്നു. ജനങ്ങളും സർക്കാരുകളും കായികതാരങ്ങളും ഒപ്പം സംഘടകളും ഒരുമിച്ച് ഈ ദർശനം നവ ഇന്ത്യയ്ക്കായി യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നു.
"മൻ കി ബാത്തിന്റെ' വരാനിരിക്കുന്ന 100ാം എപ്പിസോഡിനായി ഞാൻ കാത്തിരിക്കുകയാണ്, മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ നമ്മുടെ പ്രധാനമന്ത്രി സാധാരണക്കാരെപ്പറ്റി സംസാരിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കേൾക്കാൻ.
(പ്രശസ്ത ഇന്ത്യൻ ഒളിംപ്യനും അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമാണ് ലേഖിക)