
ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ഹെഡ് കോച്ച് ഗൗതം ഗംഭീർ, ബാറ്റിങ് കോച്ച് സിതാംശും കോടക് എന്നിവർ.
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ തിരിച്ചുവരവ് മോഹിക്കുന്ന ഇന്ത്യക്ക് ബുധനാഴ്ച മുതൽ രണ്ടാം പരീക്ഷണം. എഡ്ജ്ബാസ്റ്റണാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ വേദി. പരമ്പരയിൽ 1-0 എന്ന നിലയിൽ മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ട് തുടർ ജയത്തോടെ സന്ദർശകരെ കൂടുതൽ സമ്മർദത്തിലാക്കാൻ ഉന്നമിടുന്നു. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ലെന്നതും ഇംഗ്ലണ്ടിന് മുൻതൂക്കം നൽകുന്ന ഘടകമാണ്.
ഇംഗ്ലണ്ടിനെ വീണ്ടും നേരിടാൻ ഒരുങ്ങുമ്പോൾ ഇന്ത്യക്ക് ആശങ്കകൾ ഏറെയാണ്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുമോയെന്നതാണ് അതിൽ പ്രധാനം. ബുംറയ്ക്ക് വിശ്രമം അനുവദിച്ചാൽ അർഷദീപ് സിങ്ങിനോ ആകാശ് ദീപിനോ അവസരം നൽകുന്നതിനു പകരം, രണ്ടാം സ്പിന്നറായി കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന അഭിപ്രായവും ശക്തമാണ്.
ബാറ്റിങ്ങിൽ മുൻനിരക്കാരെല്ലാം ഫോമിലാണെന്നതാണ് ഇന്ത്യയുടെ ആശ്വാസം. ഓപ്പണർ യശ്വസി ജയ്സ്വാളും കെ.എൽ. രാഹുലും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഋഷഭ് പന്തും ലീഡ്സിൽ മാറ്ററിയിച്ചു. എന്നാൽ, രവീന്ദ്ര ജഡേജ ഉൾപ്പെട്ട ലോവർ മിഡിൽ ഓർഡർ മെച്ചപ്പെട്ടേ മതിയാവൂ. ഈ സാഹചര്യത്തിൽ ശാർദൂൽ ഠാക്കൂറിനു പകരം ഓൾറൗണ്ടർ റോളിൽ നിതീഷ് കുമാർ റെഡ്ഡിയോ വാഷിങ്ടൺ സുന്ദറോ പരിഗണിക്കപ്പെടാം. ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ നിലവാരം ഉയർത്തേണ്ടതുണ്ട്. കൈവിട്ടുകളഞ്ഞ ക്യാച്ചുകളാണ് ലീഡ്സിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത്.
പേസ് സെൻസേഷൻ ജോഫ്ര ആർച്ചർ ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും, ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനും പ്രഖ്യാപിച്ചിരിക്കുന്നത്. ബെൻ ഡക്കറ്റും ജോ റൂട്ടും ഹാരി ബ്രൂക്കും ഒലി പോപ്പും സാക് ക്രോളിയും റൺസ് കണ്ടെത്തിയത് ആതിഥേയർക്ക് ആത്മവിശ്വാസം പകരുന്നു. എന്നാൽ, ബൗളിങ് നിരയുടെ മൂർച്ചക്കുറവ് പ്രശ്നം തന്നെയാണ്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇംഗ്ലണ്ടിനായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ടീമിൽ തിരിച്ചെത്തിയ ക്രിസ് വോക്സ് പഴയ താളം കണ്ടെത്തിയിട്ടില്ല. ബ്രൈഡൻ കാർസിനും ജോഷ് ടങ്ങിനും മതിയായ അന്താരാഷ്ട്ര പരിചയവുമില്ല.
ഇംഗ്ലണ്ടിലെ പരമ്പരാഗത പിച്ചുകളുടെ സ്വഭാവം കാട്ടുന്നതാണ് എഡ്ജ്ബാസ്റ്റണിലെ വിക്കറ്റ്. ആദ്യ രണ്ടു ദിനം പേസും ബൗൺസുമുള്ള പിച്ച് ബൗളർമാരെ അനുകൂലിക്കും. സീം ബൗളിങ്ങിനെ സഹായിക്കുന്ന പിച്ചിൽ മുൻനിരക്കാർ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുമെന്നാണ് വിലയിരുത്തൽ. മൂന്നാം ദിനവും നാലാം ദിനവും സൂര്യപ്രകാശം വേണ്ട രീതിയിൽ ലഭിച്ചാൽ പിച്ചിലെ ബൗൺസ് സ്ഥിരത പുലർത്തുകയും ബാറ്റിങ് അനായാസമാകുകയും ചെയ്യും. അവസാന ദിനം പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നും കണക്കുകൂട്ടൽ.
ബാറ്റെടുത്ത് വാലറ്റക്കാർ
വാലറ്റത്തിന്‍റെ തകർച്ചയാണ് ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് ഒരു കാരണം. അതിനാൽത്തന്നെ നെറ്റ് പ്രാക്റ്റിസിൽ മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യൻ വാലറ്റക്കാർ ഏറെ നേരം ബാറ്റിങ് പരിശീലിച്ചു. ടീമിൽ കാണില്ലെന്നു വാർത്ത പ്രചരിക്കെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും പരിശീലനം നടത്തി.
ഇടംകൈയൻ സ്പിന്നർ ഹർപ്രീത് ബ്രാർ പരിശീലന സെഷന് എത്തിയതും സർപ്രൈസായി. ഗസ്റ്റ് ബൗളറായാണ് ഹർപ്രീതിനെ ക്ഷണിച്ചതെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പിന്നീട് വ്യക്തമാക്കി.