

ഷഫാലി വർമ
ടോക്കിയോ: ബംഗ്ലാദേശിനെതിരായ സെമി ഫൈനൽ മത്സരത്തിൽ വിജയിച്ചതോടെ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള വനിതാ ഇന്ത‍്യൻ ടീം. കൊരോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ഷഫാലി വർമയുടെ തകർപ്പൻ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് വേണ്ടി സ്മൃതി മന്ഥന 5 ബൗണ്ടറിയും 2 കൂറ്റൻ സിക്സുകളും അടക്കം 19 പന്തിൽ 37 റൺസ് അടിച്ചെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.
ഒടുവിൽ പവർപ്ലേ പൂർത്തിയായ ശേഷം നഹിദ അക്തറാണ് സ്മൃതിയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. ഒന്നാം വിക്കറ്റിൽ 36 പന്തിൽ 72 റൺസാണ് സ്മൃതി-ഷഫാലി സഖ‍്യം അടിച്ചെടുത്തത്. പിന്നാലെയെത്തിയ ഗുനാലൻ കമാലിനി 10 പന്തിൽ നിന്നും മൂന്ന് റൺസ് മാത്രം പുറത്തെടുത്ത് മടങ്ങി. സഞ്ജിത അക്തർ മേഘ്‌ലയ്ക്കായിരുന്നു വിക്കറ്റ്. ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ 33 പന്തിൽ 40 റൺസെടുത്ത് ഷഫാലിക്ക് മികച്ച പിന്തുണ നൽകി. ഇതോടെ മൂന്നാം വിക്കറ്റിൽ ഷഫാലിക്കൊപ്പം ഹർമൻപ്രീതിന് 94 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞു.
9 സിക്സും 3 ബൗണ്ടറിയും അടക്കം 49 പന്തിലാണ് ഷഫാലി സെഞ്ചുറി തികച്ചത്. ഇതോടെ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 195 റൺസെന്ന കൂറ്റൻ സ്കോർ വിജയലക്ഷ‍്യം ഉയർത്തി. ബംഗ്ലാദേശ് ബൗളർമാരായ നഹീദയ്ക്കും സഞ്ജിതയ്ക്കും പുറമെ മറൂറ അക്തർ റബേയ ഖാൻ എന്നിവർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ഓപ്പണർ ദിലാര അക്തർ 23 പന്തിൽ 27 റൺസ് നേടിയെങ്കിലും മറുവശത്ത് പിന്തുണയ്ക്കാൻ ആരുമില്ലാതിരുന്നത് തിരിച്ചടിയായി. തുടരെ തുടരെ വിക്കറ്റ് പോകാൻ തുടങ്ങിയതോടെ മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലെത്തി ബംഗ്ലാദേശ്.
ദിലാരയെ കൂടാതെ സുൽത്താന ഖതൂൺ, ഷർമിൻ അക്തർ എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത‍്യൻ ബൗളർമാരായ ക്രാന്തി ഗൗഡും നന്ദനി ശർമയും ന‍്യൂബോളിൽ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പിന്നീട് നന്ദനി ശർമ രണ്ട് വിക്കറ്റ് കൂടി പിഴുത് നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.
ദീപ്തി ശർമ മൂന്നും ശ്രീ ചരണി രണ്ടും ശ്രയങ്ക പാട്ടീൽ ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ ബംഗ്ലാദേശ് 81 റൺസിന് ഓൾഔട്ടാകുകയും ഇന്ത‍്യ 114 റൺസിന് വിജയിക്കുകയുമായിരുന്നു. ശ്രീലങ്കയാണ് ഇന്ത‍്യയുടെ ഫൈനലിലെ എതിരാളികൾ. മത്സരം വിജയിക്കാായാൽ ഏഷ‍്യൻ ഗെയിംസിൽ ഇന്ത‍്യ സ്വർണ മെഡൽ നേട്ടം സ്വന്തമാക്കും.