

മലപ്പുറം: മലപ്പുറത്ത് ഒരു അന്താരാഷ്‌ട്ര മത്സരത്തിന് വിസില്‍ മുഴങ്ങുമോ? സാധ്യത ഏറെയാണ്. എന്നാല്‍, കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുകൂടി ക്രിയാത്മകമായ ഇടപെടല്‍ ആവശ്യമാണ്. 2026ല്‍ അമെരിക്ക, മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ മത്സരങ്ങളില്‍ ഒരെണ്ണം ലഭിക്കാനായി കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) ശ്രമം തുടങ്ങി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള മത്സരത്തിനാണ് കെഎഫ്എ ശ്രമിക്കുന്നത്.
കേരളത്തില്‍ ഒരു മത്സരം കൊടുക്കുന്നതിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും തയാറാണാണ്. എന്നാല്‍, ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സ്റ്റേഡിയവും സൗകര്യങ്ങളും ആവശ്യമാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിന് ഫിഫ സ്റ്റാന്‍ഡാര്‍ഡ് ഉണ്ടാക്കിയെടുക്കാനായി സാധിക്കും. എന്നാല്‍, അതിന് സര്‍ക്കാരും കൂടി ശ്രമിക്കണം.
ഇനി മഞ്ചേരിയില്‍ കളി ലഭിച്ചില്ലെങ്കില്‍ മത്സരം കൊച്ചിക്ക് അനുവദിച്ചേക്കും. എന്നാല്‍, കൊച്ചി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ട് തടസങ്ങളേറെയുണ്ട്. നവംബര്‍ 16നും 2024 ജൂണ്‍ 11നും ഇടയില്‍ മത്സരങ്ങള്‍ നടക്കാനാണ് സാധ്യത. ഈ സമം ഐഎസ്എല്ലും നടക്കുന്നുണ്ട്. അതാണ് കൊച്ചിക്കു മുന്നിലെ തടസം. കുവൈറ്റ്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍/മംഗോളിയ എന്നീ ടീമുകളായിരിക്കും ഇന്ത്യയുടെ ഗ്രൂപ്പില്‍.''ഇന്ത്യ-കുവൈറ്റ് മത്സരത്തിനായി ശ്രമിക്കുന്ന വിവരം കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാറാണ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഈയാഴ്ച തന്നെ സ്ഥിരീകരണം ലഭിക്കും.
മൂന്ന് മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകും. ആദ്യ മത്സരം നവംബറിലും രണ്ടും മൂന്നും മത്സരങ്ങള്‍ ഡിസംബറിലുമായിരിക്കും നടക്കുക. ഇരു വേദികളും വിശദമായിത്തന്നെ ഫിഫ അധികൃതരും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളും പരിശോധിക്കും. ഹോട്ടലുകളുടെ ലഭ്യതയാണ് മലപ്പുറത്തിന് ഭീഷണിയായുള്ളത്. അതു പരിഹരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുമോ എന്നു കണ്ടറിയണം. സര്‍ക്കാരിന്‍റെ പൂര്‍ണമായ സഹകരണം സ്റ്റേഡിയത്തിന്‍റെ മോഡിഫിക്കേഷനുവേണ്ടിവരും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ കെസിഎ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.