

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം.
File
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഇരു ടീമുകളും വ്യാഴാഴ്ച തലസ്ഥാനത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7നാണ് മത്സരം.
പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടാൽ സഞ്ജു സാംസണ് സ്വന്തം നാട്ടിൽ അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള അത്യപൂർവ അവസരമാണ് കൈവരുക. തിരുവനന്തപുരം സ്വദേശി തന്നെയായ സഞ്ജുവിനു വേണ്ടി ഗ്യാലറി മുഴുവൻ ആർപ്പു വിളികളുയരും.
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ട്രഷറർ ടി. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. ഇന്ത്യൻ ടീമിനു കോവളത്തെ ലീല റാവിസ് ഹോട്ടലിലും ന്യൂസിലൻഡിന് ടീമിന് ഹയാത്ത് റീജൻസിയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്.
ഓപ്പണിങ് ബാറ്റർ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി സ്വന്തം നാട്ടിൽ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.
മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിന് ജില്ലാ ഭരണകൂടവും പൊലീസും കെസിഎയും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.