ലീഡ് ഉയർത്താൻ പേസ് കരുത്തുമായി ഇന്ത്യ; രണ്ടാം ഏകദിനം ശനിയാഴ്ച

വെല്ലിങ്ടൺ ഏകദിനത്തിൽ പരമ്പര ലീഡ് ഉയർത്താൻ ബ്രാർ, കാംഭോജ്, അർഷ്ദീപ് പേസ് കരുത്തുമായി ഇന്ത്യ; കോൺവേ ഇല്ലാതെ ന്യൂസിലൻഡ്, സിറാജിനെ കളിപ്പിക്കുമോ എന്ന് ഉറപ്പില്ല
India New Zealand Second ODI Preview

ഇന്ത്യൻ ടീം അംഗങ്ങൾ ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ.

Updated on: 

വെല്ലിങ്ടൺ: അനുഭവപരിചയം കുറവെങ്കിലും പ്രതീക്ഷ നൽകുന്ന ഇന്ത്യയുടെ നാലംഗ പേസ് നിര, ന്യൂസിലൻഡ് ബാറ്റർമാർക്കെതിരായ മേൽക്കൈ നിലനിർത്തി പരമ്പരയിലെ ലീഡ് ഉയർത്താൻ ശനിയാഴ്ച ഇറങ്ങും. ഇവിടെ നടക്കുന്ന രണ്ടാം ഏകദിനം ഇന്ത്യൻ സമയം രാവിലെ 7.30ന് ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

പരമ്പരയ്ക്കു മുൻപ് ഇന്ത്യയുടെ പരീക്ഷിക്കപ്പെടാത്ത ബൗളിങ് വിഭവങ്ങളെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ ഗുർനൂർ ബ്രാർ, അൻഷുൽ കാംഭോജ്, അർഷ്ദീപ് സിങ് എന്നിവരുടെ മികച്ച പ്രകടനം ആ ചർച്ചയുടെ ഗതി മാറ്റി. ഓൾറൗണ്ടർമാരോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിട്ടുള്ള ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെ മുൻഗണനയിൽ മാറ്റമുണ്ടായേക്കാമെന്ന സൂചനയും ഈ മൂവർ സംഘം നൽകി.

ഈഡൻ പാർക്കിൽ സ്ട്രെയ്റ്റ് ബൗണ്ടറികൾക്കാണ് നീളം കുറവായിരുന്നെങ്കിൽ, വെല്ലിങ്ടണിൽ സ്ക്വയർ ബൗണ്ടറികൾക്കാണ് നീളം കുറവ്. അതനുസരിച്ച് പേസർമാർക്ക് ലെങ്ത് ക്രമീകരിക്കേണ്ടി വരും. ഓക്ക്‌ലൻഡിൽ ആതിഥേയരെ എറിഞ്ഞിട്ട അർഷ്ദീപിനും സംഘത്തിനും ഇവിടെ അൽപ്പം കൂടി ഫുള്ളർ ലെങ്തിൽ പന്തെറിയേണ്ടി വരും.

ഇടങ്കയ്യൻ പേസർ അർഷ്ദീപ് ഏറ്റവുമധികം വിക്കറ്റ് നേടിയെങ്കിലും, 46 ഡോട്ട് ബോളുകളുമായി ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികച്ചത് കാംഭോജായിരുന്നു. മറ്റു ബൗളർമാർ ഷോർട്ട് പിച്ച് പന്തെറിയാൻ ശ്രമിച്ചപ്പോൾ, ടെസ്റ്റ് ലെങ്തുകൾ സ്ഥിരമായി കണ്ടെത്തിയതാണ് കാംഭോജിന് ഗുണമായത്. ഈഡൻ പാർക്കിൽ അർഷ്ദീപും അക്വിബ് നബിയുമാണ് പന്തെറിഞ്ഞു തുടങ്ങിയതെങ്കിലും, കാംഭോജ് കണ്ടെത്തിയ മൂവ്മെന്‍റ് കണക്കിലെടുത്ത് ന്യൂബോൾ നൽകിയേക്കും.

നാലു പേസർമാരിൽ വിക്കറ്റ് ലഭിക്കാതിരുന്നത് നബിക്കു മാത്രമാണ്. എന്നാൽ, നബിക്കോ മറ്റാർക്കെങ്കിലുമോ പകരം മുഹമ്മദ് സിറാജിനെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചു വിളിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ടീം മാനെജ്മെന്‍റ് മൗനം പാലിക്കുകയാണ്.

ബാറ്റിങ്ങിൽ, ആദ്യ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ പുറത്തായ രോഹിത് ശർമ റൺസിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയിലെ മികച്ച പ്രകടനത്തിനു ശേഷമാണ് രോഹിത് ഇവിടെയെത്തിയത്. ഈഡൻ പാർക്കിൽ വിരാട് കോലിയുടെ ഒഴുക്കോടെയുള്ള ബാറ്റിങ് ശ്രദ്ധേയമായിരുന്നു; അധിക ബൗൺസ് അദ്ദേഹത്തെ അലട്ടിയതേയില്ല, ഇഷ്ടം പോലെ ബൗണ്ടറികൾ നേടി ചെയ്സിന് നങ്കൂരമിട്ടു. പക്ഷേ, മറ്റ് ഇന്ത്യൻ ബാറ്റർമാരെ ഷോർട്ട് ബോൾ വലച്ചു. ബൗൺസറുകളുടെ പെരുമഴയ്ക്കു ശേഷം ഉയർന്നുപൊങ്ങിയ പന്തിലാണ് ശ്രേയസ് അയ്യർ പുറത്തായത്; അക്സർ പട്ടേലിന്‍റെ കാര്യവും വ്യത്യസ്തമായിരുന്നില്ല.

ന്യൂസിലൻഡ് ബാറ്റർമാരാകട്ടെ, ഷോർട്ട് ബോളിൽനിന്ന് രക്ഷപെടാൻ പുൾ ഷോട്ടുകൾക്ക് ശ്രമിച്ച് പരാജയപ്പെട്ടു. ഇന്ത്യൻ പേസർമാർ സൃഷ്ടിച്ച അധിക ബൗൺസിനു മുന്നിൽ തങ്ങളുടെ ബാറ്റർമാർ പതറിയെന്ന് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ മത്സരശേഷം സമ്മതിച്ചു. ഇവിടെയും മികച്ച ക്യാരിയും ബൗൺസും പ്രതീക്ഷിക്കുന്നതിനാൽ, പേസർമാർക്ക് നിർണായക പങ്കുണ്ടാകും.

മത്സരത്തിനു മുൻപ്, ന്യൂസിലൻഡിന്‍റെ പ്രധാന ബാറ്റർ ഡെവോൺ കോൺവേ, ഫീൽഡിങ് പരിശീലനത്തിനിടെയുണ്ടായ കൂട്ടിയിടിയിൽ തലയ്ക്ക് ആഘാതമേറ്റ് പരമ്പരയിൽനിന്ന് പുറത്തായി. പരുക്കുകൾ പലതും നേരിടുന്ന ആതിഥേയർക്ക് ഇത് കൂടുതൽ തിരിച്ചടിയാണ്.

ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, അൻഷുൽ കാംഭോജ്, ഔഖിബ് നബി, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, നമൻ ധീർ.

ന്യൂസിലൻഡ്: മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ടോം സീഫേർട്ട്, ഹെൻറി നിക്കോൾസ്, ടോം ലാതം (വിക്കറ്റ് കീപ്പർ), വിൽ യങ്, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, ജേക്കബ് ഡഫി, കൈൽ ജാമിസൺ, മാത്യു ഫിഷർ, മാറ്റ് ഹെൻറി, ബ്ലെയർ ടിക്നർ, നഥാൻ സ്മിത്ത്.