ഫൈനൽ ഫയർ; കിരീടം നിലനിർത്താൻ ഇന്ത്യ, എതിരാളികൾ ന്യൂസിലൻഡ്

ലോകകപ്പിൽ അത്ര വിശ്വസനീയ പ്രകടനം നടത്തി മുന്നേറിയ ടീമല്ല ന്യൂസിലൻഡ്
India-New Zealand t20 final match

ഫൈനൽ ഫയർ; കിരീടം നിലനിർത്താൻ ഇന്ത്യ, എതിരാളികൾ ന്യൂസിലൻഡ്

Updated on

അഹമ്മദാബാദ്: ഉശിരൻ ഫോമിലുള്ള മലയാളി ഓപ്പണർ സഞ്ജു സാംസൺ.. ആരെയും പിടിച്ചുകെട്ടാൻ കെൽപ്പമുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുംറ.. ഹാർദിക് പാണ്ഡ്യയെന്ന ലോകോത്തര ഓൾ റൗണ്ടറുടെ മികവ്... ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യയ്ക്കാണ് മുൻതൂക്കമെന്നതിൽ തർക്കമില്ല. എങ്കിലും മറുവശത്ത് വെടിക്കെട്ട് വീരന്മാരായ ഫിൻ അലനും ടിം സെയ്ഫെർട്ടും ഗ്ലെൻ ഫിലിപ്സുമെല്ലാമുണ്ട്. അതിനാൽത്തന്നെ ഇന്ത്യയ്ക്ക് ഈസി വാക്കോവർ ലഭിക്കില്ല. ത്രസിപ്പിക്കുന്ന പോരാട്ടം പ്രതീക്ഷിക്കാം. രാത്രി ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കലാശപ്പോരിന്‍റെ തുടക്കം.

സഞ്ജു സാംസന്‍റെ ഫോമിൽ തന്നെയാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. വെസ്റ്റിൻഡീസുമായുള്ള സൂപ്പർ എട്ട് അങ്കത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും നിയന്ത്രിതമായ ആക്രമണോത്സകതയിലൂടെ ഇന്നിങ്സ് കെട്ടിപ്പടുത്ത സഞ്ജു നയം തുടർ‌ന്നാൽ ന്യൂസിലൻഡ് വിയർക്കും. വമ്പനടികൾക്കു മാത്രം മുതിരാതെ സ്ട്രൈക്ക് വച്ചുമാറാനും ‌ഗ്രൗണ്ട് സ്ട്രോക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുന്ന സഞ്ജു ഏതു ലോകോത്തര ബൗളിങ് നിരയ്ക്കും പേടിസ്വപ്നമാണ്.

സഞ്ജുവിന്‍റെ സഹ ഓപ്പണർ അഭിഷേക് ശർമ കൂടി ഫോം വീണ്ടെടുത്താൽ ഇന്ത്യൻ സ്കോർ കുതിക്കും. ഇഷാൻ കിഷനും ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും മിന്നിക്കളിക്കുന്നതും ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിക്കുന്നു. എങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും താളത്തിലെത്തേണ്ടതുണ്ട്. വാംഖഡെയെ അപേക്ഷിച്ച് വലിയ ഗ്രൗണ്ടാണ് അഹമ്മദാബാദിലേത്. അതിനാൽ ഹിറ്റിങ് പവർ കൂട്ടിയാലേ ഇരു ടീമിലെയും ബാറ്റർമാർക്ക് സിക്സും ഫോറും നേടാൻ കഴിയുകയുള്ളൂ.

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇവിടെ ഓസ്ട്രേലിയയോട് തോറ്റതിന്‍റെ നൊമ്പരം ഇന്ത്യയെ അലട്ടുന്ന കാര്യമാണ്. ഈ ലോകകപ്പിൽ അഹമ്മദാബാദിലെ കളിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് കീഴടങ്ങിയിരുന്നു. ആ തോൽവികൾ മറന്ന് കളിച്ചാൽ ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ സാധിക്കും. അഹമ്മദാബാദിലെ ഗ്രൗണ്ടിന്‍റെ വലിപ്പം വരുൺ ചക്രവർത്തിയടക്കമുള്ള സ്പിന്നർമാർക്ക് ഗുണം ചെയ്യും. ലോകകപ്പിൽ ഇതുവരെ ധാരാളം റൺസ് വഴങ്ങിയെങ്കിലും വരുണിന് മികച്ച റെക്കോഡുള്ള കളമാണ് അഹമ്മദാബാദിലേത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയിൽ തന്നെയാണ് ഇന്ത്യ പ്രധാനമായും കണ്ണുവയ്ക്കുന്നത്. ബുംറ മൂർച്ച നിലനിർത്തിയാൽ ഇന്ത്യയുടെ വിജയസാധ്യതയേറും.

ലോകകപ്പിൽ അത്ര വിശ്വസനീയ പ്രകടനം നടത്തി മുന്നേറിയ ടീമല്ല ന്യൂസിലൻഡ്. ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ, യുഎഇ, ക്യാനഡ എന്നീ ചെറു ടീമുകളെ പരാജയപ്പെടുത്തിയ അവർ കരുത്തരായ ദക്ഷിണാഫ്രിക്കയോട് സുല്ലിട്ടു. സൂപ്പർ എട്ടിലാകട്ടെ ഇംഗ്ലണ്ടിനോടും തോൽവി രുചിച്ചു. ശ്രീലങ്കയ്ക്കെതിരേ നേടിയ ജയമാണ് അവരെ നിലനിർത്തിയത്. പക്ഷേ, സെമിയിൽ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയ കിവിപ്പട വിശ്വരൂപം കാട്ടി. ഫിൻ അലന്‍റെയും ടിം സെയ്ഫെർട്ടിന്‍റെ മാരക പ്രഹരശേഷിയാണ് ന്യൂസിലൻഡിനെ അപകടകാരികളാക്കുന്നത്. ര‌ചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സുമൊക്കെ മികവിനൊത്ത് ഉയർന്നാൽ ബ്ലാക്ക് ക്യാപ്സ് ഉശിരൻ സ്കോറിലെത്തും. രചിൻ രവീന്ദ്രയുടെ സ്പിൻ മികവും ന്യൂസിലൻഡിന് മുതൽക്കൂട്ടാണ്. ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ‌്നറുടെ സ്പിൻ വൈഭവവും ഇന്ത്യയെ വെല്ലുവിളിക്കും. മൂന്നു തവണയാണ് ഇന്ത്യയും ന്യൂസിലൻഡും ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയത്. 2007, 2016, 2021 വർഷങ്ങളിലെ‌ ആ മുഖാമുഖങ്ങളിൽ ജയം ന്യൂസിലൻഡിനൊപ്പം നിന്നു. അതിൽ അവസാനത്തെ രണ്ടു തവണയും ഇന്ത്യയെ തോൽപ്പിക്കുന്നതിൽ സാന്‍റ്നർ ടീമിന് നിർണായക സംഭാവന നൽകിയിരുന്നു. മാറ്റ് ഹെൻറി നയിക്കുന്ന കിവി പേസ് നിരയും ഒട്ടും മോശമല്ല. കിരീടം കാത്തുസൂക്ഷിക്കാൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേ‌ണ്ടിവരുമെന്ന് സാരം.

ടീം: ഇന്ത്യ- സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, റിങ്കു സിങ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ.

ന്യൂസിലൻഡ്- മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, ടിം സെയ്ഫെർട്ട്, രചിൻ രവീന്ദ്ര, മാർക്ക് ചാംപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരൽ മിച്ചൽ, മാറ്റ് ഹെൻറി, ലോക്കി ഫെർഗ്യൂസൻ, കോൾ മക്കോഞ്ചി, കെയ്‌ൽ ജാമിയേസൺ, ജേക്കബ് ഡഫി, ഡെവോൺ കോൺവേ, ജിമ്മി നീഷം, ഇഷ് സോധി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com