
'മെഗാ മാച്ച് ഡേ'; ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ മെഗാ മാച്ച് ഡേ. ലോകത്തെമ്പാടും ആരാധകർ സാകൂതം വീക്ഷിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ടൂർണമെന്‍റിന്‍റെ ഫൈനലിന് മുൻപുള്ള ഫൈനലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദുബായ് സ്റ്റേഡിയം വേദിയൊരുക്കുന്ന മത്സരം രാത്രി ഞായറാഴ്ച എട്ടിന് ആരംഭിക്കും. സോണി സ്പോർട്സിലും സോണി ലൈവിലും തത്സമയം കാണാം. പഹൽഗാം ഭീകരാക്രമണവും സിന്ദൂർ ഓപ്പറേഷനും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ബന്ധം വഷളാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ടീമുകൾ ഏറ്റുമുട്ടുന്നത്. മത്സരത്തിനെതിരേ ഇന്ത്യയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധ സ്വരം ഉയരുന്നുണ്ട്. എങ്കിലും ഒന്നിലധികം രാജ്യങ്ങൾ ഉൾപ്പെട്ട ടൂർണമെന്‍റുകളിൽ പാക്കിസ്ഥാനോട് കളിക്കാൻ ഇന്ത്യൻ ടീമിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനാൽ മത്സരം നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുമെന്നാണ് കരുതപ്പെടുന്നത്. സുപ്രീം കോടതി നിലപാടും മത്സരത്തിന് അനുകൂലമായിരുന്നു.
സാധാരണയായി ഇന്ത്യ-പാക് പോരാട്ടം സൃഷ്ടിക്കുന്ന ആവേശമൊന്നും ഇക്കുറി ഉയരുന്നില്ല. പരമ്പരാഗത വൈരികൾ തമ്മിലെ കളിയുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയില്ലെങ്കിൽ അതും അപൂർവതയാകും. പഴയതുപോലെ ഇന്ത്യയുടെ നിലവാരത്തോട് കിടപിടിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് കഴിയുന്നില്ലെന്നതും ആരാധകരുടെ ആവേശം ചോർത്തിയിട്ടുണ്ട്.
കളിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്ത്യൻ ടീം അതിശക്തം. പ്രതിഭകൾ ഏറെയുള്ളതിനാൽ ഫൈനൽ ഇലവനെ തെരഞ്ഞെടുക്കുകയെന്നത് ടീം മാനെജ്മെന്‍റിനെ സംബന്ധിച്ച് തലവേദനയായിരിക്കുകയാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഉപ നായകൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരെല്ലാം സ്ഫോടനാത്മക ബാറ്റിങ്ങിന് പേരുകേട്ടവർ. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ തുടങ്ങി മത്സരം വിജയിപ്പിക്കാൻ കഴിവുള്ള ഓൾ റൗണ്ടർമാരും ഇന്ത്യയ്ക്കുണ്ട്. ജസ്പ്രീത് ബുംറയും കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ഉൾപ്പെട്ട ഇന്ത്യൻ പന്തേറുകാരും എതിർ ബാറ്റർമാർക്ക് കാര്യമായ ഭീഷണി ഉയർത്തും.
സൽമാൻ ആഘ നയിക്കുന്ന പാക് ടീം ഏറെക്കുറെ പുതുരക്തങ്ങളുടെ സംഘമാണ്. സ്റ്റാർ ബാറ്റർമാരായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍റെ വരവ്. ഓപ്പണർ സയിം അയൂബാണ് പാക് ബാറ്റർമാരിൽ ഏറ്റവും മിടുക്കൻ. മധ്യനിരയിൽ ഹസൻ നവാസും അപകടകാരി തന്നെ.
സാധാരണയായി ഇന്ത്യൻ ബാറ്റർമാരും പാക് പേസർമാരും തമ്മിലെ പോരാട്ടമാണ് കളത്തിൽ നടക്കാറുള്ളത്. എന്നാൽ ഇക്കുറി ദുബായിലെ പിച്ചിൽ സ്പിന്നർമാരുടെ മാറ്റുരയ്ക്കലാകും. പ്രത്യേകിച്ച് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയും പാക്കിസ്ഥാന് ഷാഹിൻ അഫ്രീദിയും മാത്രം സ്പെഷ്യലിസ്റ്റ് പേസർമാരായി ഇറങ്ങുകയാണെങ്കിൽ. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ഇന്ത്യൻ സ്പിൻ ആക്രമണത്തിന് ചുക്കാൻ പിടിക്കും. സുഫിയൻ മുഖ്വീം, അബ്രാർ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവരിലൂടെ പാക്കിസ്ഥാന്‍റെ മറുപടി. പരിചയസമ്പത്തിലും മികവിലും ഇന്ത്യൻ സ്പിൻ ത്രയത്തിന് മുൻതൂക്കമുണ്ടെന്ന് പറയാം. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ജയം നേടിയിരുന്നു. ഇന്ത്യ ആതിഥേയരായ യുഎഇയെ അനായാസം കീഴടക്കിയപ്പോൾ പാക്കിസ്ഥാൻ ഒമാനെ നല്ല മാർജിനിൽ തന്നെ പരാജയപ്പെടുത്തി. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോർക്കുമ്പോൾ പഴയ കളിക്കണക്കുകൾ അപ്രസക്തമാകും. പ്രത്യേകിച്ച് ട്വന്‍റി20 പോലുള്ള പ്രവചനാതീത ഫോർമാറ്റിൽ.