ഇന്ത്യ- പാക് പോരിന് റീപ്ലേ

ബുമ്ര തിരിച്ചെത്തുന്നതോടെ ഇന്ന് പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കരുത്തുകൂടും.
ഇന്ത്യ- പാക് പോരിന് റീപ്ലേ

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍- ഇന്ത്യ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ ഇരുടീമുകളും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നതുകൊണ്ടുതന്നെ ആ മത്സരത്തിന്‍റെ റീ പ്ലേ തന്നെയായിരിക്കും ഞായറാഴ്ച നടക്കുന്നത്. മഴയുടെ സാധ്യതയും മത്സരത്തിനുണ്ട്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് ആദ്യമത്സരത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തകര്‍ത്തിരുന്നു. അതേസമയം, പാക്കിസ്ഥാനെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ സേവനം ലഭിക്കും.

കുഞ്ഞ് ജനിച്ചതിനാല്‍ ഏഷ്യാ കപ്പിനിടെ നാട്ടിലേക്ക് മടങ്ങിയ പേസര്‍ ജസ്പ്രീത് ബുമ്ര കൊളംബോയില്‍ ഇന്ത്യന്‍ ടീമിനൊപ്പം തിരിച്ചെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയ ബുമ്രയ്ക്ക് നേപ്പാളിനെതിരായ രണ്ടാം മത്സരം നഷ്ടമായിരുന്നു. ബുമ്രക്ക് പകരം മുഹമ്മദ് ഷമിയാണ് ഇന്ത്യക്കായി നേപ്പാളിനെതിരെ അന്തിമ ഇലവനില്‍ കളിച്ചത്. ബുമ്ര തിരിച്ചെത്തുന്നതോടെ ഇന്ന് പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ പേസ് നിരക്ക് കരുത്തുകൂടും.പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഇതുവരെ ഏകദിന ക്രിക്കറ്റില്‍ പന്തെറിഞ്ഞിട്ടില്ലാത്ത ബുമ്രക്ക് ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ കായികക്ഷമത തെളിയിക്കേണ്ടത് നിര്‍ണായകമാണ്. കഴിഞ്ഞ മാസം നടന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായി തിരിച്ചെത്തിയ ബുമ്ര കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുശേഷം പരിക്കേറ്റ ബുമ്ര പിന്നീട് ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റതോടെ ടി20 ലോകകപ്പ് നഷ്ടമായി.ആദ്യ മത്സരത്തില്‍ പാക് ഇന്നിംഗ്സ് തുടങ്ങാന്‍ പോലുമാകാതെ മഴ മൂലം കളി ഉപേക്ഷിച്ചതിനാല്‍ ബുമ്രക്ക് പന്തെറിയാനായിരുന്നില്ല. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.രാഹുല്‍ എത്തി സഞ്ജു മടങ്ങിഅതിനിടെ, ഏഷ്യാ കപ്പ് കളിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍നിന്ന് സഞ്ജു സാംസണ്‍ മടങ്ങി.

പരുക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത കെ എല്‍ രാഹുല്‍ തിരിച്ച് എത്തിയതോടെയാണിത്. രാഹുല്‍ ഉള്‍പ്പെടെ 17 അംഗ ടീമിനെയാണ് ഏഷ്യാ കപ്പിനായി ഇന്ത്യ തീരുമാനിച്ചത്. രാഹുലിന്‍റെ ഫിറ്റ്നസില്‍ ആശങ്കയുണ്ടായിരുന്നതിനാലാണ് സഞ്ജുവിനെ ബാക്ക് അപ്പ് പ്ലെയറായി ശ്രീലങ്കയിലേക്ക് അയച്ചത്. ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ രാഹുല്‍ കളിച്ചേക്കും. ഇഷാന്‍ കിഷന് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം രാഹുല്‍ ദീര്‍ഘനേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കീപ്പിംഗ് പരിശീലനം അദ്ദേഹം നടത്തിയിരുന്നില്ല. മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് ടീം മാനേജ്മെന്‍റും വിലയിരുത്തി.

താരം പൂര്‍ണ കായികക്ഷമത കൈവരിച്ചുവെന്ന് തെളിഞ്ഞതോടെ സഞ്ജുവിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. സഞ്ജുവിന് പകരം ഇഷാന്‍ കിഷനാണ് ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചത്. ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവും പരിക്കല്‍ നിന്ന് മോചിതനായെത്തിയ ശ്രേയസ് അയ്യരും ലോകകപ്പിനുള്ള ടീമിലിടം നേടിയിരുന്നു.മറുവശത്ത് മികച്ച ഫോമിലാണ് പാക്കിസ്ഥാന്‍. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ഫോമില്‍ത്തന്നെ.പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നത്.

മഴമുടക്കിയ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ അഫ്രീദി നാല് വിക്കറ്റെടുത്തിരുന്നു. പേസ് അറ്റാക്കിലാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ. അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് പാക് പേസ് നിരയിലുള്ളത്. ഇവര്‍ ഇതുവരെ ഏഷ്യാകപ്പില്‍ നിന്ന് 23 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ പേസ് ത്രയത്തെ നേരിടുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ബാബര്‍ അസമും ഫഖര്‍ സമനും മുഹമ്മദ് റിസ്വാനുമടങ്ങുന്ന ബാറ്റിങ് നിരയും ശക്തമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com