
താരങ്ങൾ പിന്മാറി; ഇന്ത‍്യ- പാക്കിസ്ഥാൻ ലെജൻഡ്സ് മത്സരം റദ്ദാക്കി
ന‍്യൂഡൽഹി: ഞായറാഴ്ച എഡ്ജ്ബാസ്റ്റണിൽ നടക്കേണ്ടിയിരുന്ന ഇന്ത‍്യ- പാക്കിസ്ഥാൻ ലെജൻഡ്സ് ടി20 മത്സരം റദ്ദാക്കി. ഇന്ത‍്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും മറ്റു താരങ്ങളും പാക്കിസ്ഥാനെതിരേ കളിക്കാൻ തയാറല്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് മത്സരം റദ്ദാക്കിയത്. സമൂഹമാധ‍്യമങ്ങളിലൂടെയായിരുന്നു ധവാൻ പാക്കിസ്ഥാനെതിരേ കളിക്കില്ലെന്ന തന്‍റെ തീരുമാനം അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ‍്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മറ്റ് ചില ഇന്ത‍്യൻ താരങ്ങളും മത്സരം കളിക്കില്ലെന്ന് അറിയിച്ചിരുന്നു.
അതേസമയം മത്സരത്തിന്‍റെ ടിക്കറ്റ് എടുത്ത എല്ലാവർക്കും മുഴുവൻ തുക തിരിച്ചു നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരേ കളിക്കരുതെന്ന ആവശ‍്യം സമൂഹമാധ‍്യമങ്ങളിലും ആരാധകർ ഉന്നയിച്ചിരുന്നു.