
സാങ്കൽപ്പിക ട്രോഫിയുമായി ടീമിന്‍റെ ഫോട്ടോഷൂട്ടിനെത്തുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
ദുബായ്: ഇന്ത്യ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യ കപ്പ് ചാംപ്യൻമാരായ ശേഷം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. പാക്കിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയിൽ നിന്ന് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് എത്തിയില്ല. ടീം അംഗങ്ങൾക്കുള്ള വ്യക്തിഗത മെഡലുകളും ഇന്ത്യ ബഹിഷ്കരിച്ചു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് എന്ന നിലയിൽ നഖ്വി ആയിരിക്കും ട്രോഫി നൽകുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയാണ് നഖ്വി. ഇയാളിൽ നിന്നു ട്രോഫി വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുമെന്ന അഭ്യൂഹങ്ങളും നേരത്തെ തന്നെ ഉണ്ടായിരുന്നു.
മത്സരം കഴിഞ്ഞ് ഒന്നര മണിക്കൂറോളമാണ് സമ്മാന വിതരണം സംബന്ധിച്ച അനിശ്ചിതത്വം നീണ്ടത്. സമ്മാന വിതരണം വൈകാനുള്ള കാരണം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. വൈകി തുടങ്ങിയ സമ്മാനദാനച്ചടങ്ങിൽ കുൽദീപ് യാദവും അഭിഷേക് ശർമയും തിലക് വർമയും മറ്റ് അതിഥികളിൽ നിന്ന് അവർക്കുള്ള വ്യക്തിഗത സമ്മാനങ്ങൾ ഏറ്റുവാങ്ങി.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി നഖ്വി തന്നെ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് കൈമാറി. സമ്മാനം ഏറ്റുവാങ്ങാനെത്തിയ മൂന്ന് ഇന്ത്യൻ താരങ്ങളും നഖ്വിയെ കണ്ട ഭാവം നടിച്ചില്ല. ഇവർ സമ്മാനം വാങ്ങിയപ്പോൾ നഖ്വി കൈയടിച്ചതുമില്ല. ഇന്ത്യൻ ടീം അവർക്കുള്ള പുരസ്കാരങ്ങൾ ഇപ്പോൾ ഏറ്റുവാങ്ങുന്നില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിട്ടുണ്ടെന്ന് ചടങ്ങിന്‍റെ അവതാരകനായിരുന്ന ന്യൂസിലൻഡിന്‍റെ മുൻ ക്രിക്കറ്റർ സൈമൺ ഡൂൾ വ്യക്തമാക്കി.
പിന്നീട് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നു. ''പാക്കിസ്ഥാനിലെ പ്രധാന നേതാക്കളിലൊരാൾ കൂടിയായ എസിസി അധ്യക്ഷനിൽ നിന്നു ട്രോഫി വാങ്ങേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചു'', ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.
ആ മാന്യദേഹത്തിന് ട്രോഫിയും മെഡലുകളും വീട്ടിൽ കൊണ്ടുപോകാമെന്നല്ല അതിനർഥമെന്നും, എത്രയും പെട്ടെന്ന് സമ്മാനങ്ങൾ ഇന്ത്യയിൽ എത്തിച്ചു തരണമെന്നും സൈക്കിയ വ്യക്തമാക്കി. നവംബറിൽ ദുബായിൽ നടക്കുന്ന ഐസിസി കോൺഫറൻസിൽ, എസിസി അധ്യക്ഷനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഠിനാധ്വാനത്തിലൂടെ ജേതാക്കളായിട്ട് സമ്മാനം കൊടുക്കാതിരിക്കുന്നത് ക്രിക്കറ്റ് കളി കണ്ടു തുടങ്ങിയ കാലം മുതൽ ഇതുവരെ ആദ്യ അനുഭവമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പിന്നീട് പറഞ്ഞു. ഡ്രസിങ് റൂമിലിരിക്കുന്ന പതിനാല് ഇന്ത്യൻ താരങ്ങളും സപ്പോർട്ട് സ്റ്റാഫുമാണ് തന്‍റെ യഥാർഥ ട്രോഫികളെന്നും സൂര്യകുമാർ.
അതേസമയം, ഇന്ത്യ പാക്കിസ്ഥാൻ താരങ്ങളെയല്ല, ക്രിക്കറ്റിനെയാണ് അപമാനിക്കുന്നതെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ ആരോപിച്ചു. ''സൂര്യകുമാർ യാദവുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ല. സ്വകാര്യമായി കണ്ടപ്പോഴൊക്കെ അദ്ദേഹം എനിക്കു ഹസ്തദാനം ചെയ്തിട്ടുണ്ട്''- ആഘ വ്യക്തമാക്കി.
മറ്റുള്ളവരുടെ നിർദേശം അനുസരിച്ചാണ് സൂര്യകുമാർ യാദവ് പെരുമാറുന്നതെന്നും ആഘ ആരോപിച്ചു. എന്നാൽ, ആരും പറഞ്ഞിട്ടല്ല, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ തീരുമാനമാണെന്ന് സൂര്യകുമാർ വ്യക്തമാക്കി.