
ഏഷ‍്യാ കപ്പിൽ നിന്നും ഇന്ത‍്യ പിന്മാറിയതായി റിപ്പോർട്ട്
മുംബൈ: 2025ൽ ഇന്ത‍്യയിലും ശ്രീലങ്കയിലുമായി വച്ചു നടക്കേണ്ടിയിരുന്ന ഏഷ‍്യാ കപ്പ് ടൂർണമെന്‍റിൽ നിന്നും ഇന്ത‍്യ പിന്മാറിയതായി റിപ്പോർട്ട്. എന്നാൽ ഈ കാര‍്യം ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടൂർണമെന്‍റിൽ ഇന്ത‍്യ പാക്കിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ടി-20 ഫോർമാറ്റിലായിരുന്നു ഇത്തവണ മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ത‍്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലായിരുന്നു മത്സരിക്കേണ്ടത്. ഇന്ത‍്യ പിന്മാറിയതോടെ ടൂർണമെന്‍റ് നടക്കാനുള്ള സാധ‍്യത കുറവാണ്.
ഇന്ത‍്യയും പാക്കിസ്ഥാനും കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഏഷ‍്യാ കപ്പിൽ മത്സരിക്കുന്നത്. ഇന്ത‍്യ- പാക് സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ നേരത്തെ ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചിരുന്നു.
പ്ലേ ഓഫിന് മുമ്പായി 12 മത്സരങ്ങൾ കൂടി പൂർത്തിയാവാനിരിക്കെയായിരുന്നു ബിസിസിഐയുടെ നിർണായക തീരുമാനം. അതേസമയം ഐപിഎൽ മത്സരങ്ങൾ പൂർണമായി റദ്ദാക്കിയിട്ടില്ലെന്നും സർക്കാർ നിർദേശം ലഭിച്ച ശേഷം മാത്രമെ എപ്പോൾ പുനരാരംഭിക്കാനാവുമെന്ന് പറയാനാവൂവെന്ന് ബിസിസിഐ പറഞ്ഞു.