

ന്യൂസിലൻഡിനെതിരേ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ഷോട്ട്.
നാഗ്പുർ: ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപതോവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. ന്യൂസിലൻഡിന്‍റെ മറുപടി 190/7 എന്ന നിലയിൽ ഒതുങ്ങി.
വെറും 35 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം 84 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയാണ് ഇന്ത്യയുടെ വിജയശിൽപ്പി. മലയാളി ഓപ്പണർ സഞ്ജു സാംസൺ (7 പന്തിൽ 10) നിരാശപ്പെടുത്തി. ടീമിൽ തിരിച്ചെത്തിയ റിങ്കു സിങ് 20 പന്തിൽ 44 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ, ഇഷാൻ കിഷന് എട്ട് റൺസേ നേടാനായുള്ളൂ.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ തീരുമാനം ശരിയായ ദിശയിക്കെന്നാണ് മത്സരത്തിന്‍റെ തുടക്കത്തിൽ തോന്നിയത്. സഞ്ജു സാംസനെ കത്തിക്കയറാൻ കിവികൾ അനുവദിച്ചില്ല. രണ്ടാം ഓവറിൽ സഞ്ജുവിനെ (10) കെയ്ൽ ജാമീസൺ വീഴ്ത്തി. രണ്ട് ബൗണ്ടറികളുമായി പ്രതീക്ഷ നൽകിയശേഷമാണ് സഞ്ജു മടങ്ങിയത്.
പിന്നാലെ ഇഷാൻ കിഷനെ (8) ജേക്കബ് ഡഫി ഡഗ് ഔട്ടിലെത്തിച്ചു. രണ്ടു വിക്കറ്റു വീണിട്ടും പതറാതെ കളിച്ച ഇടംകൈയൻ അഭിഷേക് ശർമയാണ് ഇന്ത്യൻ സ്കോറിങ്ങിന് റോക്കറ്റ് വേഗം നൽകിയത്. അഭിഷേകിനെ ജാമീസന്‍റെ കൈകളിലെത്തിച്ച് സ്പിന്നർ ഇഷ് സോധിയാണ് ന്യൂസിൻഡിന് ആശ്വാസം പകർന്നത്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കുറച്ചൊക്കെ താളംവീണ്ടെടുത്തതും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. 22 പന്തിൽ 32 റൺസ് ടീം സ്കോറിൽ സൂര്യകുമാർ സംഭാവന ചെയ്തു. പിന്നീട് ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25, മൂന്നു ഫോർ, ഒരു സിക്സ്) റിങ്കു സിങ്ങും ഇന്ത്യൻ സ്കോറിന് അപാര കുതിപ്പേകി. നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു റിങ്കുവിന്‍റെ തിരിച്ചുവരവ് ആഘോഷം.
ന്യൂസിൻഡിന്‍റെ ജേക്കബ് ഡഫിയും ജാമീസനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന്‍റെ സ്കോർ ബോർഡിൽ ഒരു റൺ എത്തുമ്പോഴേക്കും ഡെവൺ കോൺവെയും (0) രചിൻ രവീന്ദ്രയും (1) പുറത്തായി. തുടർന്ന് ഓപ്പണർ ടിം റോബിൻസണും (15 പന്തിൽ 21) ഇന്ത്യൻ ബൗളർമാരെ അധികം ബുദ്ധിമുട്ടിക്കാതെ മടങ്ങി.
പക്ഷേ, അപ്പോഴേക്കും മറുവശത്ത് ഗ്ലെൻ ഫിലിപ്സ് സംഹാര താണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു. 40 പന്തിൽ നാല് ഫോറും ആറ് സിക്സും സഹിതം 78 റൺസെടുത്ത ഫിലിപ്സിനെ അക്ഷർ പട്ടേൽ തിരിച്ചയക്കും വരെ കിവികൾക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു.
ഇതിനിടെ മാർക്ക് ചാപ്പ്മാൻ (39), ഡാരിൽ മിച്ചൽ (28), ക്യാപ്റ്റന്‍ മിച്ചൽ സാന്‍റ്നർ (20 നോട്ടൗട്ട്) എന്നിവരും മോശമല്ലാത്ത സംഭാവനകൾ നൽകി. പക്ഷേ, ഫിലിപ്സ് പോയ ശേഷം ആവശ്യമായ സ്കോറിങ് നിരക്ക് കണ്ടെത്താൻ മറ്റാർക്കും സാധിച്ചില്ല.
ഇന്ത്യക്കു വേണ്ടി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷറിനെ കൂടാതെ അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി. മൂന്നോവറിൽ 29 റൺസ് വഴങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റില്ല.