

ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ.
വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയുടെ വിധിയെഴുത്ത് ശനിയാഴ്ച. ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോന്നു ജയിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമാണ്. അതിനാൽ മൂന്നാം ഏകദിനം ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ഉച്ചയ്ക്ക് 1.30 മുതൽ മത്സരം.
ആദ്യ മത്സരത്തിൽ നേരിയ മാർജിനിൽ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം മുഖാമുഖത്തിൽ ഇന്ത്യ മുന്നിൽവച്ച വൻലക്ഷ്യം ചേസ് ചെയ്ത് ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. അതിനാൽത്തന്നെ സന്ദർശകർ ആത്മവിശ്വാസത്തിലാണ്.
മറുവശത്ത് ഇതിഹാസ ബാറ്റർമാരായ വിരാട് കോലിയിലും രോഹിത് ശർമയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പരമ്പരയിൽ രണ്ടു സെഞ്ചുറി കുറിച്ച കോലി ഉശിരൻ ഫോമിലാണ്. ആദ്യ മത്സരത്തിൽ അർധ ശതകം നേടിയ രോഹിതും മോശമാക്കിയില്ല. കോലിയും രോഹിതും മികവ് കാത്തുസൂക്ഷിച്ചാൽ ഇന്ത്യയെ പിടിച്ചുകെട്ടാൻ ദക്ഷിണാഫ്രിക്ക പ്രയാസപ്പെടും.
രണ്ട് അർധ സെഞ്ചുറികളുമായി താത്കാലിക നായകൻ കെ.എൽ. രാഹുലും മിന്നി. ഋതുരാജ് ഗെയ്ക്ക്‌വാദ് റായ്പുരിലെ സെഞ്ചുറിയോടെ തന്‍റെ മാറ്ററിയിച്ചു. യുവ ഓപ്പണർ യശ്വസി ജയ്സ്വാളിന്‍റെ നിറംമങ്ങലാണ് ഇന്ത്യൻ ബാറ്റിങ് ലൈനപ്പിലെ വലിയ നിരാശ.
വിശാഖപട്ടണം സ്റ്റേഡിയത്തിലെ പിച്ച് സാധാരണയായി ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ്. 2005 മുതൽ ഇവിടെ കളിച്ച പത്ത് മത്സരങ്ങളിൽ ഏഴിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. അതേസമയം, വിശാഖപട്ടണത്തിലെ മഞ്ഞ് മത്സരഫലത്തിൽ നിർണായക സ്വാധീനം ചെലുത്തും. രണ്ടാമത് ബൗൾ ചെയ്യുന്ന ടീം പന്തിൽ നിയന്ത്രണം കാത്തുസൂക്ഷിക്കുന്നതിന് പ്രയാസപ്പെട്ടേക്കും. അതിനാൽ ടോസ് നേടുന്ന ടീം പന്തെറിയാനാണ് സാധ്യത.
ഇന്ത്യൻ ടീമിൽ ഇന്ന് ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. വാഷിങ്ടൺ സുന്ദറിനു പകരം തിലക് വർമയോ ഋഷഭ് പന്തോ കളിച്ചേക്കും. പാർട്ട് ടൈം സ്പിന്നർ എന്ന നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതിനാൽ തിലക് വർമയ്ക്ക് മുൻതൂക്കം.
ഇന്ത്യൻ ബൗളർമാരിൽ അർഷദീപ് സിങ് മാത്രമേ നിലവാരം കാക്കുന്നുള്ളൂ. യുവ പേസർമാരായ പ്രസിദ്ധ് കൃഷ്ണയും ഹർഷിത് റാണയും റൺസ് വഴങ്ങുന്നത് കുറച്ചില്ലെങ്കിൽ ഇന്ത്യ വിയർക്കും. എയ്ഡൻ മാർക്രം ഉജ്വല ഫോമിലായത് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്താണ്. എന്നാൽ, വമ്പനടികൾക്ക് പേരുകേട്ട ക്വിന്‍റൺ ഡി കോക്ക് താളത്തിലെത്താത്തത് തിരിച്ചടിയാണ്.