
സഞ്ജു സാംസൺ
File photo
മുംബൈ: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് ക്യാപ്റ്റനായി തുടരുന്ന ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും സ്ഥാനം നിലനിർത്തി. അതേസമയം, ഓപ്പണിങ് റോൾ കിട്ടുമെന്ന് ഉറപ്പില്ല.
ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഭിഷേക് ശർമയ്ക്കൊപ്പം ഗില്ലിനെയും ഓപ്പണറായി പരിഗണിക്കാനിടയുണ്ട്. ഇക്കാര്യത്തിൽ ക്യാപ്റ്റനും കോച്ചും ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞു.
ഓപ്പണറാകുന്നില്ലെങ്കിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ ഇടം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. മൂന്ന്, നാല്, അഞ്ച്, ആറ് സ്ലോട്ടുകളിൽ തിലക് വർമയും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും, അക്ഷർ പട്ടേലും കളിക്കുമ്പോൾ ഫിനിഷർ റോളിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കാണ് സാധ്യത കൂടുതൽ. ഐപിഎല്ലിൽ ആർസിബിക്കു വേണ്ടി ജിതേഷ് നടത്തിയ പ്രകടനത്തെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രശംസിക്കുകയും ചെയ്തു.
യശസ്വി ജയ്സ്വാളിനും ശ്രേയസ് അയ്യർക്കും കെ.എൽ. രാഹുലിനും ഇടമില്ലാത്ത ടീമിൽ, ശിവം ദുബെയും റിങ്കു സിങ്ങും ഇടം പിടിച്ചു. ജയ്സ്വാളിനെ 15-അംഗ ടീമിനു പുറത്ത് സ്റ്റാൻഡ്-ബൈ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഷേക് ശർമ ടി20 ക്രിക്കറ്റിൽ മികച്ച ഫോമിൽ തുടരുന്നതിനാലാണ് ജയ്സ്വാളിന് ഇടം കിട്ടാത്തതെന്ന് അഗാർക്കർ വിശദീകരിച്ചു. ശ്രേയസ് അയ്യർ ടീമിലെത്താത്തതും അദ്ദേഹത്തിന്‍റെ കുറ്റമല്ല. ആരെ മാറ്റിയാണ് ശ്രേയസിനെ ഉൾപ്പെടുത്താൻ സാധിക്കുക എന്നും അഗാർക്കർ ചോദിച്ചു.
അതേസമയം, സ്പെഷ്യലിസ്റ്റ് ബാറ്ററെ കൂടുതലായി ഉൾപ്പെടുത്താനാണ് വാഷിങ്ടൺ സുന്ദറെ ഒഴിവാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. അഭിഷേക് ഉൾപ്പെടെ നാല് സ്പിന്നർമാർ ടീമിലുണ്ട്. 16-അംഗ ടീമായിരുന്നെങ്കിൽ ഒരുപക്ഷേ, സുന്ദർ ടീമിലെത്തുമായിരുന്നു എന്നും അഗാർക്കർ.
ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് പേസ് ബൗളർമാർ. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും അവഗണിക്കപ്പെട്ടു. സ്റ്റാൻഡ്-ബൈ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രസിദ്ധ് കൃഷ്ണയെയാണ്. ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലുമാണ് ടീമിലെ ഓൾറൗണ്ടർമാർ. ഈ വിഭാഗത്തിൽ വാഷിങ്ടൺ സുന്ദറും റിയാൻ പരാഗും സ്റ്റാൻഡ്-ബൈ.
സഞ്ജുവിനു പുറമേ ജിതേഷ് ശർമയെയും വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്; ധ്രുവ് ജുറെലിനെ സ്റ്റാൻഡ്-ബൈ ആയും. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ടീമിലെത്തി.
ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.
സ്റ്റാൻഡ്-ബൈ: പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ.